മുപ്പത്തിയൊൻപതിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോഴും രോഹിത് ഗുരുനാഥ് ശർമ എന്ന ഇതിഹാസത്തിന്റെ കണ്ണുകൾ ഒരു ലക്ഷ്യത്തിൽ ഉടക്കിനിൽക്കുകയാണ്. 2027-ലെ ഏകദിന ലോകകപ്പ്. പ്രായവും ശാരീരികക്ഷമതയും ഉയർത്തുന്ന ചോദ്യങ്ങൾക്കിടയിൽ, മുംബൈ ഇന്ത്യൻസിന്റെ നീലക്കുപ്പായത്തിൽ തന്റെ കരിയറിലെ ഏറ്റവും നിർണ്ണായകമായ ഐപിഎൽ സീസണിന് ഒരുങ്ങുകയാണ് ‘ഹിറ്റ്മാൻ’. അജിത് അഗാർക്കറും ഗൗതം ഗംഭീറും അടങ്ങുന്ന സെലക്ഷൻ കമ്മിറ്റി ഉറ്റുനോക്കുന്ന ഈ സീസൺ രോഹിത്തിന് കേവലമൊരു ടൂർണമെന്റല്ല, മറിച്ച് ലോകകപ്പിലേക്കുള്ള ഒരു ‘മിനി ഓഡിഷൻ’ കൂടിയാണ്.
രോഹിത്തിന്റെ ഈ പുതിയ പതിപ്പിനെക്കുറിച്ച് മുംബൈ പരിശീലകൻ മഹേല ജയവർധനെയ്ക്ക് വലിയ പ്രതീക്ഷകളാണുള്ളത്. നെറ്റ്സിലെ കഠിനാധ്വാനവും മെച്ചപ്പെടുത്തിയ ശാരീരികക്ഷമതയും രോഹിതിനെ കൂടുതൽ അപകടകാരിയാക്കുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അന്താരാഷ്ട്ര ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിട്ടുനിൽക്കുന്ന രോഹിത്തിന്, ഏകദിന ഫോർമാറ്റിലെ തന്റെ പ്രസക്തി തെളിയിക്കാൻ ഐപിഎല്ലിലെ മികച്ച പ്രകടനം അനിവാര്യമാണ്. ന്യൂസിലൻഡ് പരമ്പരയിലെ ചെറിയ ഇടർച്ചകൾക്ക് ശേഷം രണ്ട് മാസത്തെ ഇടവേള കഴിഞ്ഞെത്തുന്ന രോഹിത്തിന് ഇത്തവണ സ്ഥിരതയാർന്ന വലിയ ഇന്നിങ്സുകൾ അനിവാര്യമാണ്.
ഐപിഎൽ ചരിത്രത്തിൽ പലപ്പോഴും ശരാശരി പ്രകടനങ്ങളിൽ ഒതുങ്ങിപ്പോകാറുള്ള രോഹിത്, ഹാർദിക് പാണ്ഡ്യയ്ക്ക് നായകസ്ഥാനം കൈമാറിയതിന് ശേഷമാണ് കൂടുതൽ സ്വതന്ത്രനായി ബാറ്റ് വീശാൻ തുടങ്ങിയത്. കഴിഞ്ഞ രണ്ട് സീസണുകളിലും 150-ന് മുകളിൽ സ്ട്രൈക്ക് റേറ്റോടെ 400-ലധികം റൺസ് താരം അടിച്ചുകൂട്ടിയിരുന്നു. എന്നാൽ ഇക്കുറി ടീമിനായി വിക്കറ്റ് വലിച്ചെറിയുന്ന നിസ്വാർത്ഥ ശൈലിക്കൊപ്പം, റൺസ് വേട്ടയിൽ സ്ഥിരത കണ്ടെത്തേണ്ട വലിയ വെല്ലുവിളിയാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ഭയമില്ലാത്ത തന്റെ അക്രമണശൈലിയും സ്ഥിരതയും എങ്ങനെ സന്തുലിതമായി കൊണ്ടുപോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും 2027 ലോകകപ്പിലേക്കുള്ള രോഹിത്തിന്റെ യാത്ര.
