സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 29-ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 30-ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് അലേർട്ട് നൽകിയിരിക്കുന്നത്.
മെയ് ഒന്നിന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്തേക്കാം.
മഴ മുന്നറിയിപ്പിനിടയിലും സംസ്ഥാനത്ത് കടുത്ത ചൂട് തുടരുകയാണ്. ഇന്നും (27/04/2026) നാളെയും (28/04/2026) വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്തും. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്താൻ സാധ്യതയുണ്ട്.
ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസും വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ ലഭിക്കുന്നത് ചൂടിന് നേരിയ ശമനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
