Home » Blog » kerala Mex » പൊലീസ് വേഷത്തിൽ വീണ്ടും മാസ്സ് ആകാൻ മോഹൻലാൽ എത്തുന്നു; തരുൺ മൂർത്തി ചിത്രം ‘L366’ തൊടുപുഴയിൽ ആരംഭിച്ചു
Untitled-1-132-680x450

തുടരും’ എന്ന വമ്പൻ ഹിറ്റിന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തൊടുപുഴയിൽ തുടക്കമായി. മോഹൻലാലിന്റെ കരിയറിലെ 366-ാം ചിത്രമായ ഇതിന് ‘എൽ 366’ (L366) എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ മോഹൻലാൽ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് വേഷത്തിൽ എത്തുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ‘ദൃശ്യം 3’ ന് ശേഷം മോഹൻലാൽ വീണ്ടും തൊടുപുഴയിൽ ചിത്രീകരണത്തിനായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മീര ജാസ്മിൻ നായികയാകുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്.

 

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 21-ാമത്തെ സംരംഭമായ ഈ ചിത്രത്തിന് വേണ്ടി ജേക്സ് ബിജോയ് സംഗീതവും ഷാജികുമാർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. വിവേക് ഹർഷൻ എഡിറ്റിംഗും വിഷ്ണു ഗോവിന്ദ് ശബ്ദസംവിധാനവും കൈകാര്യം ചെയ്യുന്നു. ബിനു പപ്പുവാണ് ചിത്രത്തിന്റെ കോ-ഡയറക്ടർ. സെൻട്രൽ പിക്‌ചേഴ്‌സ് പ്രദർശനത്തിനെത്തിക്കുന്ന ഈ ചിത്രം വമ്പൻ ക്യാൻവാസിലാണ് ഒരുങ്ങുന്നത്.