പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ആഗോളതലത്തിൽ ഊർജ്ജ വിതരണത്തിലുണ്ടായ തടസ്സങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ നിർണ്ണായക തീരുമാനമെടുത്തു. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴി മണ്ണെണ്ണ വിതരണം ചെയ്യാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം അനുമതി നൽകി. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ കീഴിലുള്ള പമ്പുകൾ വഴിയായിരിക്കും വിതരണം നടക്കുക.
നേരത്തെ മണ്ണെണ്ണ വിതരണം ഘട്ടംഘട്ടമായി നിർത്തലാക്കിയ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ പൊതുവിതരണ സമ്പ്രദായം വഴിയുള്ള ‘സുപ്പീരിയർ കെറോസിൻ ഓയിൽ’ ഇനി ലഭ്യമാകും. പാചക ആവശ്യങ്ങൾക്കും വെളിച്ചത്തിനുമായി വീടുകളിലേക്ക് മണ്ണെണ്ണ എത്തിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. ഓരോ ജില്ലയിലും സംസ്ഥാന സർക്കാരുകൾ നിശ്ചയിക്കുന്ന പരമാവധി രണ്ട് പെട്രോൾ പമ്പുകൾക്ക് ഇത്തരത്തിൽ വിതരണാനുമതി നൽകാം. ഓരോ പമ്പിനും 5,000 ലിറ്റർ വരെ മണ്ണെണ്ണ സംഭരിക്കാനും അനുവാദമുണ്ട്.
പെട്രോളിയം ചട്ടങ്ങളിൽ ഇളവ് വരുത്തിയതോടെ ഡീലർമാർക്കും വിതരണ വാഹനങ്ങൾക്കും ലൈസൻസ് നടപടികൾ ഇനി എളുപ്പമാകും. ഇത് മണ്ണെണ്ണയുടെ വേഗത്തിലുള്ള സംഭരണത്തിനും വിതരണത്തിനും സഹായിക്കും. ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവിന് 60 ദിവസത്തേക്കോ അല്ലെങ്കിൽ അടുത്ത ഉത്തരവ് വരുന്നത് വരെയോ ആയിരിക്കും കാലാവധി. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം വിതരണമെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി യോഗത്തിന് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ധനമന്ത്രി നിർമല സീതാരാമൻ, പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എന്നിവർ പങ്കെടുത്ത യോഗം ആഗോള പ്രതിസന്ധി ഇന്ത്യയുടെ വിതരണ ശൃംഖലയെ ബാധിക്കാനുള്ള സാധ്യതകൾ വിലയിരുത്തി. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില ഉയരാൻ സാധ്യതയുള്ളതിനാൽ സാധാരണക്കാർക്ക് അവശ്യ സാധനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
