പുനലൂരിൽ 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

കൊല്ലം: പുനലൂരിൽ 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 33കാരന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഇതു കൂടാതെ പത്ത് വർഷം കഠിന തടവും 90,000 രൂപ പിഴയും നൽകണം. ജീവപര്യന്തം തടവ് ജീവിതാവസാനം വരെ ആയിരിക്കുമെന്നും വിധിയിൽ പറയുന്നു. പാങ്ങോട് വലിയവയൽ മൂന്നുമുക്ക് പ്രശോഭ മന്ദിരത്തിൽ 33 കാരനായ എസ്. കണ്ണനെയാണ് കോടതി ശിക്ഷിച്ചത്. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സ്പെഷ്യൽ ഡിസ്ട്രിക്റ്റ് ജഡ്ജ് ടി.ഡി. ബൈജു ആണ് വിധി പ്രസ്താവിച്ചത്.

കുളത്തുപ്പുഴ ചോഴിയക്കോട്ട് സഹോദരിയുടെ വീട്ടിൽ അവധി ദിവസങ്ങളിൽ വന്ന് താമസിച്ചിരുന്ന പെൺകുട്ടിയെയാണ് ഇയാൾ പലപ്പോഴായി പീഡിപ്പിച്ചത്. 2017 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലായിരുന്നു പീഡനം.

ഇൻഡ്യൻ ശിക്ഷ നിയമത്തിലെയും പോക്സോ നിയമത്തിലെയും പ്രസക്ത വകുപ്പുകൾ പ്രകാരം മൂന്ന് ജീവപര്യന്തം തടവും 90,000 പിഴ തുക ഒടുക്കണം. പിഴത്തുക ഇരക്ക് നൽകാനും വിധിയിൽ പറഞ്ഞു. കൂടാതെ അതിജീവിക്ക് ജില്ല ലീഗൽ സർവിസസ് അതോറിറ്റി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു.

കുളത്തൂപ്പുഴ എസ്.ഐ സി.എൽ. സുധീർ ആണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പുനലൂർ ഡി.വൈ.എസ്.പി ആയിരുന്ന ബി.കൃഷ്ണകുമാർ, വി. വിനോദ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ കെ.പി അജി ഹാജരായി.

More From Author

Leave a Reply

Your email address will not be published. Required fields are marked *