ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി. തർക്കങ്ങൾ രേഖാമൂലം സമർപ്പിക്കാൻ സമയം വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. ജാമ്യം അനുവദിച്ചപ്പോൾ കോടതി മുന്നോട്ടുവെച്ച അഞ്ചാമത്തെ വ്യവസ്ഥ രാഹുൽ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസിൻ്റെ വിശദമായ വാദത്തിനായി മാർച്ച് ആറിലേക്കാണ് മാറ്റി വെച്ചിരിക്കുന്നത്.
പ്രതിഭാഗത്തിനായി അഡ്വ. ശാസ്തമംഗലം അജിത് കോടതിയിൽ ഹാജരായി. ബലാത്സംഗം ഉൾപ്പെട്ട കേസ് ആയതിനാൽ അതിജീവിതയുടെ വിവരങ്ങൾ അടങ്ങിയ രേഖകളുടെ രഹസ്യസ്വഭാവം പ്രതിഭാഗം കർശനമായി സൂക്ഷിക്കണമെന്ന് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി കോടതിയിൽ ആവശ്യപ്പെട്ടു. ജില്ലാ കോടതി നേരത്തെ അനുവദിച്ച മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടോ എന്നതാകും വരും ദിവസങ്ങളിൽ കോടതി പ്രധാനമായും പരിശോധിക്കുക.
