കേരള നിയമസഭയിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സജി ചെറിയാൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ് തുടങ്ങിയ പ്രമുഖ നേതാക്കൾ പിണറായി വിജയന് പൂർണ്ണ പിന്തുണ അറിയിച്ചതായാണ് വിവരം. അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് ഭൂരിഭാഗം അംഗങ്ങളുടെയും നിലപാട്.
പിണറായി വിജയൻ നേതൃസ്ഥാനത്ത് നിന്ന് മാറിനിൽക്കുന്നത് രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നും അത് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. അദ്ദേഹത്തിന് താൽപ്പര്യമില്ലെങ്കിൽ മാത്രമേ മറ്റൊരാളെ പരിഗണിക്കേണ്ടതുള്ളൂ എന്നാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം. പ്രതിപക്ഷ ഉപനേതാവായി കെ.എൻ. ബാലഗോപാലിനെ പരിഗണിക്കാനും സാധ്യതയുണ്ട്.
ബുധനാഴ്ച രാവിലെ ആരംഭിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ നിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
