തമിഴ്നാട്ടിൽ വിജയ്യുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണം പ്രതിസന്ധിയിലേക്ക്. സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇതുവരെ അനുമതി നൽകാത്തതിനെത്തുടർന്ന് നാളെ നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞ ചടങ്ങ് മാറ്റിവെച്ചേക്കുമെന്ന് സൂചന.
സർക്കാർ രൂപീകരിക്കാൻ 118 പേരുടെ പിന്തുണ വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. കേവലഭൂരിപക്ഷം വേണമെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നീക്കം. 234 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണം. എന്നാൽ വിജയ് ഗവർണർക്ക് നൽകിയ കത്തിൽ 113 പേരുടെ പിന്തുണ മാത്രമാണുള്ളത്. വിജയ്യുടെ തമിഴക വെട്രി കഴകം 108 സീറ്റുകളാണ് നേടിയത്. ഡിഎംകെ സഖ്യം വിട്ടെത്തിയ കോൺഗ്രസ് (5 സീറ്റ്) പിന്തുണ പ്രഖ്യാപിച്ചതോടെ അംഗബലം 113 ആയി. എഡിഎംകെയും കോൺഗ്രസും വിജയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും മാന്ത്രിക സംഖ്യയായ 118-ൽ എത്താൻ ഇനിയും അഞ്ച് അംഗങ്ങളുടെ കൂടി പിന്തുണ ആവശ്യമാണ്.
നേരത്തെ എഡിഎംകെ സഖ്യത്തിൽ ചേരാൻ വിജയ്ക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും സീറ്റ് വിഭജനത്തിലെ തർക്കം മൂലം അദ്ദേഹം ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. 90 സീറ്റുകളും മുഖ്യമന്ത്രി പദവും വിജയ് ആവശ്യപ്പെട്ടപ്പോൾ, 40 സീറ്റും ഉപമുഖ്യമന്ത്രി പദവുമാണ് എഡിഎംകെ വാഗ്ദാനം ചെയ്തിരുന്നത്.
