Home » Blog » kerala Max » പാശ്ചിമേഷ്യൻ യുദ്ധം : ഇറാനെ തകർക്കണോ, കരാറിലെത്തണോ? തീരുമാനം ഉടൻ..! യുഎന്നിൽ ട്രംപിന്റെ ശക്തമായ മുന്നറിയിപ്പ്
trump1-680x450

ഇറാനെതിരായ യുദ്ധം തുടരണമോ, അതോ പുതിയൊരു സമാധാന കരാറിലൂടെ സംഘർഷത്തിന് വിരാമമിടണമോ എന്ന നിർണായക ഘട്ടത്തിലാണ് അമേരിക്കയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇറാനെതിരെ വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഇറാനെ പൂർണമായി തകർക്കാനുള്ള നടപടിയിലേക്ക് പോകണമോ, അതോ രാജ്യത്തെ പുനർനിർമിക്കാൻ അവസരം നൽകുന്ന കരാറിലെത്തണമോ എന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.

ഇറാൻ മറ്റ് രാജ്യങ്ങളെയും ജനങ്ങളെയും നശിപ്പിക്കാൻ ഇനി അവസരം നൽകാത്ത തരത്തിൽ കടുത്ത നടപടി സ്വീകരിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ഇറാൻ വലിയ ശക്തിയായി ഉയരാൻ സഹായിക്കുന്ന തരത്തിലുള്ള ഒരു കരാറിന് തയ്യാറാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായി ഒരു കരാറിലെത്താനുള്ള സാധ്യത യുഎസ് ഇടക്കാല തിരഞ്ഞെടുപ്പായ നവംബർ 3ന് ശേഷമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാൻ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുകയാണെന്നും അതിന് ശേഷമായിരിക്കും ചർച്ചകളിൽ കൂടുതൽ വ്യക്തതയുണ്ടാകുകയെന്നും ട്രംപ് സൂചിപ്പിച്ചു. നേരത്തെയും യുദ്ധം തിരഞ്ഞെടുപ്പിന് പിന്നാലെ അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ സമാധാന ചർച്ചകൾക്കും സൈനിക നടപടികൾക്കും ഇടയിലുള്ള അടുത്ത നീക്കം ഇപ്പോഴും നിർണായകമായിരിക്കുകയാണ്.

ഇറാനെതിരായ അമേരിക്കൻ സൈനിക നീക്കങ്ങളെക്കുറിച്ച് ട്രംപ് പ്രസംഗിക്കാൻ തുടങ്ങിയതോടെ യുഎന്നിലെ ഇറാനിയൻ പ്രതിനിധി സംഘം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഒരാൾ മാത്രമാണ് സീറ്റിൽ തുടർന്നത്. ഇറാനെതിരായ ആക്രമണം പുനരാരംഭിക്കണമോ അതോ മറ്റൊരു നയതന്ത്ര വഴി തേടണമോ എന്നതിൽ താൻ നിർണായക തീരുമാനത്തിന്റെ ഘട്ടത്തിലാണെന്ന് ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു. യുഎൻ വേദിയിലെ പുതിയ പ്രതികരണവും അതേ നിലപാടിന്റെ തുടർച്ചയായാണ് പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *