
നെയ്യാറ്റിൻകര ആറാലുമൂട്ടിൽ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച അച്ഛനെ മക്കൾ ‘സമാധി’യിരുത്തിയെന്ന കേസിൽ പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ആറാലുമൂട് കാവുവിളാകം വീട്ടിൽ 81-കാരനായ ഗോപൻസ്വാമിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിലും ശാസ്ത്രീയ പരിശോധനകളിലും വ്യക്തമായതായി പോലീസ് കോടതിയെ അറിയിച്ചു. കൊലപാതകമെന്ന സംശയങ്ങളും ദുരൂഹതകളും പൂർണ്ണമായും തള്ളിക്കളഞ്ഞാണ് കേസ് അവസാനിപ്പിച്ചത്.
2025 ജനുവരി 11-നാണ് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. ഗോപൻസ്വാമി മരിച്ചതായും സമാധിയായെന്നും കാണിച്ച് വീടിന് സമീപം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് നാട്ടുകാർ രംഗത്തെത്തിയത്. ജനുവരി 10-ന് രാവിലെ 11 മണിയോടെ മരിച്ച അദ്ദേഹത്തെ രാത്രിയോടെ ചടങ്ങുകൾ നടത്തി വീടിനോട് ചേർന്നുള്ള സ്ഥലത്ത് സമാധിയാക്കുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും നൽകിയ വിശദീകരണം. എന്നാൽ മരണവിവരം മറച്ചുവെച്ചതും മക്കളുടെ പരസ്പരവിരുദ്ധമായ മറുപടികളും നാട്ടുകാരിൽ ദുരൂഹതയുണ്ടാക്കി. ശിവനെ ആരാധിച്ചിരുന്ന ഗോപൻസ്വാമി താൻ മരിച്ചാൽ ഈ സ്ഥലത്ത് സമാധിയാക്കണമെന്ന് സ്വന്തം ഇഷ്ടപ്രകാരം ആവശ്യപ്പെട്ടിരുന്നുവെന്നും, ഇതിനായി പദ്മപീഠവും കല്ലുകളും മുൻകൂട്ടി തയ്യാറാക്കി വെച്ചിരുന്നുവെന്നുമാണ് കുടുംബം പോലീസിന് മൊഴി നൽകിയത്.
എങ്കിലും നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് സമാധി പൊളിച്ച് മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയായിരുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലത്തിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. സ്വാമിയുടെ മരണം തികച്ചും സ്വാഭാവികമാണെന്നും കൊലപാതകമോ മറ്റ് ദുരൂഹ സാഹചര്യങ്ങളോ ഇല്ലെന്നും ഉറപ്പുവരുത്തിയ ശേഷമാണ് പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. പോലീസ് നടപടികൾക്ക് ശേഷം പുറത്തെടുത്ത ഗോപൻസ്വാമിയുടെ മൃതദേഹം പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസിശ്രേഷ്ഠരുടെ സാന്നിധ്യത്തിൽ ആചാരപ്രകാരം വീണ്ടും സമാധിയിരുത്തി.
