നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനിലേക്ക് പോയ യുവതിയെ ഇന്ത്യക്ക് കൈമാറി

നാഗ്പുർ: ഓൺലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനിലേക്ക് പോയ യുവതിയെ ഇന്ത്യക്ക് കൈമാറി. നാഗ്പുർ സ്വദേശിനി സുനിത ജാംഗഡെയെ (43) യാണ് പാക് ഉദ്യോ​ഗസ്ഥർ ബിഎസ്എഫിന് കൈമാറിയത്. ബിഎസ്എഫ് അമൃത്‌സർ പൊലീസിന് കൈമാറിയ യുവതിയെ നാ​ഗ്പൂർ പൊലീസ് കസ്റ്റഡിയിലെടുക്കും. ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

സുനിതയെ തിരികെ കൊണ്ടുവരാനായി രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നു പേർ അമൃത്സറിലേക്ക് പുറപ്പെട്ടതായി ഡപ്യൂട്ടി കമ്മിഷണർ നികേതൻ കദം പറഞ്ഞു. നാഗ്പുർ പൊലീസ് കസ്റ്റഡിയിൽ എടുത്തശേഷം സുനിതയെ വിശദമായി ചോദ്യം ചെയ്യും. ചാരവൃത്തിയിലോ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ .യുവതി ഏർപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമൃത്‌സർ പൊലീസ് സീറോ എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയെ സ്വദേശത്ത് തിരിച്ചെത്തിച്ചാലുടൻ കേസ് അവിടുത്തെ സ്റ്റേഷനിലേക്കു മാറ്റുമെന്നും നികേതൻ കദം കൂട്ടിച്ചേർത്തു.

മേയ് 14നാണ് സുനിത അതിർത്തി കടന്നത്. മേയ് 4ന് സുനിത വീടുവിട്ടിറങ്ങിയെന്നാണു വിവരം. 13 വയസ്സുള്ള മകനൊപ്പം കാർഗിലിൽ എത്തിയ സുനിത, ഇന്ത്യൻ സൈന്യത്തിന്റെ കണ്ണു വെട്ടിച്ച് നിയന്ത്രണരേഖ കടക്കുകയായിരുന്നു. മടങ്ങിവരാമെന്നും ഇവിടെ തന്നെ കാത്തുനിൽക്കണമെന്നും മകനോട് പറഞ്ഞശേഷമാണ് സുനിത പോയത്. നിയന്ത്രണരേഖയ്ക്ക് അടുത്ത് കുട്ടിയെ ഒറ്റയ്ക്ക് കണ്ടതോടെ ഗ്രാമവാസികൾ ലഡാക്ക് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടി നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി)യുടെ സംരംക്ഷണത്തിലാണുള്ളത്. വൈകാതെ കുട്ടിയെയും നാഗ്പുരിലേക്ക് തിരികെ കൊണ്ടുവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നോർത്ത് നാഗ്പുരിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന സുനിത, ഇതിനു മുൻപു രണ്ടു തവണ പാക്കിസ്ഥാനിലേക്ക് പോകാൻ ശ്രമം നടത്തിയിരുന്നെങ്കിലും അട്ടാരി അതിർത്തിയിൽവച്ച് മടക്കി അയയ്ക്കുകയായിരുന്നു.

യുവതി തന്ത്രപരമായി നിയന്ത്രണ രേഖ മറികടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിർത്തിയിൽ ഇത്ര രൂക്ഷമായ സംഘർഷവും ആക്രമണങ്ങളും ഉണ്ടായിട്ടും സൈന്യത്തിൻറെ കണ്ണുവെട്ടിച്ച് സുനിത എങ്ങനെ നിയന്ത്രണ രേഖ മറി കടന്നുവെന്നതിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. മേയ് 14നാണ് പതിനഞ്ചുകാരനായ മകനെ കാർഗിലിലെ അതിർത്തി ഗ്രാമമായ ഹന്ദർമാനിൽ ഉപേക്ഷിച്ച് സുനിത പോയത്. താൻ പോയി മടങ്ങി വരാമെന്നും ഇവിടെ തന്നെ കാത്തു നിൽക്കണമെന്നും നിർദ്ദേശിച്ചാണ് അമ്മ പോയതെന്നാണ് മകൻ മൊഴി നൽകിയിട്ടുള്ളത്. സുനിത മടങ്ങി വരാതിരുന്നതോടെ ഗ്രാമവാസികൾ മകനെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *