ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ കൊണ്ട സുരേഖയുടെ മകൾ കൊണ്ട സുഷ്മിതയുടെ പരസ്യവെല്ലുവിളി. ഇതോടെ സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ വീണ്ടും മറനീക്കി പുറത്ത് വന്നു. പാർക്കൽ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിത്വം ലക്ഷ്യമിടുന്ന സുഷ്മിതയാണ് മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.
ബുധനാഴ്ച പാർക്കലിൽ നടത്തിയ പ്രസംഗത്തിൽ നിലവിലെ എംഎൽഎ റെവൂരി പ്രകാശ് റെഡ്ഡിക്ക് രേവന്ത് റെഡ്ഡി പിന്തുണ നൽകുന്നതിനെ സുഷ്മിത ചോദ്യം ചെയ്തു. അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടതില്ലെന്നും എംഎൽഎ സ്ഥാനം രാജിവെച്ച് ഇപ്പോൾ തന്നെ മത്സരിക്കണമെന്നും അവർ വെല്ലുവിളിച്ചു.
“എന്തിനാണ് രണ്ട് വർഷം കാത്തിരിക്കുന്നത്? ഇപ്പോൾ തന്നെ രാജിവെക്കാൻ പറയൂ. രാജിവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറയൂ,” എന്നായിരുന്നു സുഷ്മിതയുടെ പരാമർശം. “നിങ്ങളോ നിങ്ങളുടെ അപ്പനോ, മുത്തച്ഛനോ വന്നാലും പാർക്കലിലെ എംഎൽഎ ഞാൻ തന്നെയായിരിക്കും” എന്നും അവർ വെല്ലുവിളിച്ചു. കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചാൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനും തയ്യാറാണെന്ന് സുഷ്മിത വ്യക്തമാക്കി. “എന്റെ ടിക്കറ്റ് തീരുമാനിക്കാൻ രേവന്ത് ആരാണ്?” എന്നും അവർ ചോദിച്ചു.
അതേസമയം രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളും സുഷ്മിത ഉന്നയിച്ചു. മുഖ്യമന്ത്രിക്ക് അഹങ്കാരമാണ് എന്ന് ആരോപിച്ച അവർ കോൺഗ്രസിനെ “ടിഡി കോൺഗ്രസ്” ആക്കി മാറ്റിയെന്നും പഴയ കോൺഗ്രസ് നേതാക്കളിൽ പലർക്കും പാർട്ടിയുടെ ഇപ്പോഴത്തെ രീതിയിൽ അതൃപ്തിയുണ്ടെന്നും പറഞ്ഞു.
കൂടാതെ, മുഖ്യമന്ത്രിയുടെ സഹോദരനുമായി ബന്ധപ്പെട്ട് 200 കോടി രൂപയുടെ ഭൂമി ഇടപാട് നടന്നെന്ന ആരോപണവും സുഷ്മിത ഉന്നയിച്ചു. രേവന്ത് റെഡ്ഡിയുടെ കുടുംബവുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങളും പുറത്തുകൊണ്ടുവരാൻ കഴിയുമെന്നും അവർ മുന്നറിയിപ്പ് നൽകി. അതേസമയം ഒരു മന്ത്രിയുടെ മകൾ തന്നെ മുഖ്യമന്ത്രിക്കെതിരെ ഇത്രയും രൂക്ഷമായി പരസ്യമായി രംഗത്തെത്തിയതോടെ കോൺഗ്രസ് നേതൃത്വം അടിയന്തരമായി ഇടപെട്ടു. സുഷ്മിതയുടെ പരാമർശങ്ങളിൽ വിശദീകരണം നൽകണമെന്ന് സംസ്ഥാന കോൺഗ്രസ് അച്ചടക്ക സമിതി മന്ത്രി കൊണ്ട സുരേഖയോട് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം.
