കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നിർണ്ണായകമായ കൂടിക്കാഴ്ച ആരംഭിച്ചു. എഐസിസി സംഘടനാ ചുമതലയുള്ള കെ.സി വേണുഗോപാലിനെ പ്രത്യേകമായി ചർച്ചയിലേക്ക് വിളിപ്പിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി സതീശനും കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും ശക്തമായി രംഗത്തുള്ള സാഹചര്യത്തിൽ, കെ.സിയെ വിളിപ്പിച്ചത് അദ്ദേഹത്തെ അനുനയിപ്പിക്കാനാണോ എന്ന സംശയം ശക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകളുടെ വൻവിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ പത്ത് ദിവസം വൈകിയത് മുന്നണിക്കുള്ളിലും വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു.
ഖർഗെയുടെ വസതിയിലെ ചർച്ചകൾ അവസാനിച്ചാലുടൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. വി.ഡി സതീശന്റെ പേരിന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ പിന്തുണ ലഭിക്കുമ്പോൾ, ഹൈക്കമാൻഡിന്റെ മനസ്സ് ആർക്കൊപ്പമാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
