മൂന്ന് വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.മെയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്.
കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. കുറ്റകൃത്യം മറയ്ക്കുന്നതിനായി മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കി ഒളിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പിന്തുടർന്ന പൊലീസ്, പൂനെ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് നഗരം വിടാൻ ശ്രമിക്കവെയാണ് പ്രതിയെ പിടികൂടിയത്. ഭാരതീയ ന്യായ സംഹിത, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
