Your Image Description Your Image Description

തമിഴ് ചലച്ചിത്ര ലോകത്തെ നടിപ്പിൻ നായകൻ സൂര്യയ്ക്ക് അമ്പതാം ജന്മദിനം. ഭാഷാ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് പ്രിയ താരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകർ. 1975 ജൂലൈ 23ന് പ്രമുഖ തമിഴ് നടൻ ശിവകുമാര്‍, ലക്ഷ്മി എന്നിവരുടെ മകനായി ചെന്നൈയിലാണ് ശരവണന്‍ ശിവകുമാര്‍ എന്ന സൂര്യയുടെ ജനനം. സിനിമയിലെത്തിയ ശേഷമാണ് സൂര്യ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.
അച്ഛന്റെ പാത പിന്തുടര്‍ന്നാണ് സൂര്യ സിനിമാ ലോകത്ത് എത്തിയതെന്ന് പറയാന്‍ കഴിയില്ല. അച്ഛനെ പിന്തുടരുകയായിരുന്നില്ല, സാഹചര്യങ്ങള്‍കൊണ്ട് സിനിമയില്‍ എത്തപ്പെടുകയായിരുന്നു സൂര്യ. 1997ൽ വിജയ്‌ക്കൊപ്പം നേറുക്ക് നേർ എന്ന സിനിമയിലൂടെയാണ് സൂര്യ അഭിനയ ലോകത്തേക്ക് കടന്നുവന്നത്. സൂര്യയ്ക്ക് പിന്നാലെ അനുജൻ കാര്‍ത്തിയും സിനിമയിലേക്ക് എത്തി.

ആദ്യചിത്രത്തിലൂടെ മണിരത്‌നമാണ് സൂര്യ എന്ന പേര് നിര്‍ദ്ദേശിച്ചത്. ശേഷം കതലേ നിമ്മതി, സന്ധിപ്പോമാ, പെരിയണ്ണ, പൂവെല്ലാം കേട്ടുപ്പാര്‍, ഉയിരിലെ കലന്തത്, ഫ്രണ്ട്സ് എന്നീ സിനികളിലൂടെ ശ്രദ്ധ നേടി. എന്നാല്‍ തുടക്കത്തില്‍ ഇറങ്ങിയ പല ചിത്രങ്ങളും പരാജയപ്പെട്ടത് സൂര്യയ്ക്ക് തിരിച്ചടിയായി.
തമിഴ് സിനിമ മേഖലയിൽ സൂര്യ തന്റെ സാന്നിധ്യം ഉറപ്പിച്ചത് ബാലാ സംവിധാനം ചെയ്ത നന്ദ (2001) എന്ന സിനിമയിലൂടെ ആയിരുന്നു. ദിലീപിന്റെ കുഞ്ഞിക്കൂനന്റെ തമിഴ്‌ മൊഴിമാറ്റമായ പേഴഴകനിലെ വേഷത്തോടെ കമ്പോളസിനിമയിലും സൂര്യ താരപ്രഭാവം കൈക്കൊണ്ടു. ബാലയുടെ തന്നെ പിതാമഹന്‍, മണിരത്‌നത്തിന്റെ ആയുധ എഴുത്ത്‌, മുരുകദാസിന്റെ ഗജിനി, ഗൗതം മേനോന്റെ കാക്ക കാക്ക, സില്ലിന്നു ഒരു കാതല്‍, വാരണം ആയിരം, അയൻ, ആദവൻ,സിങ്കം, സൂരറൈ പോട്ര്…. സിനിമയില്‍ സൂര്യയുടെ കരിയര്‍ ഗ്രാഫിന്റെ ഗതി കുത്തനെ മേലോട്ടുതന്നെയായിരുന്നു.

2001ൽ ഇറങ്ങിയ മലയാള ചിത്രം ഫ്രണ്ട്സിൻ്റെ അതേ പേരിലെത്തിയ തമിഴ് റീമേക്കിൽ മുകേഷ് കഥാപാത്രമായിരുന്നു സൂര്യയ്ക്ക്. സൂര്യയുടെ ചന്ദ്രു ശ്രദ്ധിക്കപ്പെട്ടു. തമിഴ് സിനിമയിൽ സൂര്യ തന്റെ സാന്നിധ്യം ഉറപ്പിച്ചത് ബാല സംവിധാനം ചെയ്ത് അതേ വർഷം പുറത്തിറങ്ങിയ ‘നന്ദ’യിലൂടെ ആയിരുന്നു. നന്ദയിലെ പ്രകടനത്തിലൂടെ സൂര്യ വിമർശകരുടെ വായടച്ചു, നിരൂപകരുടെ ശ്രദ്ധ പിടിച്ചുപറ്റി. കുറ്റബോധത്തിനും അതിജീവനത്തിനും ഇടയിൽ കുടുങ്ങി നീറുന്ന നന്ദ എന്ന കഥാപാത്രം അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ മികച്ച സിനിമകളിൽ ഒന്നായി.

അതൊരു തുടക്കമായിരുന്നു. 2001 മുതൽ 2010വരെയുള്ള കാലഘട്ടത്തിൽ മറ്റേത് താരത്തിൻ്റെ സിനിമകൾ പ്രേക്ഷകർ സ്വീകരിക്കാതെ പോയാലും സൂര്യ ചിത്രങ്ങളെല്ലാം ഹിറ്റോ ബ്ലോക്ബസ്റ്ററുകളോ ആയി. 2002ൽ ഇറങ്ങിയ മൗനം പെസിയതേ, ഉന്നൈ നിനൈത്ത് എന്നീ ചിത്രങ്ങളും സൂപ്പർഹിറ്റ്. മൗനം പേസിയതേ ആണ് സൂര്യയ്ക്ക് ഫാൻ ബേസ് ഉണ്ടാക്കിക്കൊടുത്തെങ്കിൽ അത് ഊട്ടിയുറപ്പിച്ചത് പിന്നീട്ട് കൾട്ട് സ്റ്റാറ്റസിൽ വിലയിരുത്തപ്പെട്ട കാഖ കാഖയാണ്. 2003ൽ ഗൗതം വാസുദേവ് ​​മേനോൻറെ സംവിധാനത്തിൽ വന്ന ‘കാഖ കാഖ‘ സൂര്യയെ തെന്നിന്ത്യയ്‌ക്ക് മുഴുവൻ പ്രിയങ്കരനാക്കി. അജിത്, വിജയ്, വിക്രം എന്നിവരെ സമീപിച്ച് അവരുടെ ഡേറ്റ് ലഭിക്കാതെ പോയപ്പോൾ ജ്യോതികയാണ് ജിവിഎമ്മിനോട് സൂര്യയെ ആ കഥാപാത്രത്തിലേയ്ക്ക് നിർദ്ദേശിക്കുന്നത്. പോലീസ് വേഷത്തിൽ സൂര്യ അത്ഭുതപ്പെടുത്തിയ ഈ ചിത്രം അദ്ദേഹത്തിൻറെ അതുവരെയുള്ള ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ വിജയമായി.

അഭിനയത്തിന് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് തമിഴകത്തിന്റെ സിങ്കം. സൂര്യയുടെ അഗരം ഫൗണ്ടേഷന്‍ നൂറുകണക്കിന് ദരിദ്ര വിദ്യാര്‍ത്ഥികളെയാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വേണ്ടി സഹായിക്കുന്നത്. 2006ലായിരുന്നു അഗരം ഫൗണ്ടേഷന്‍ തുടങ്ങിയത്. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ 1979ല്‍ സൂര്യയുടെ പിതാവ് ശിവകുമാര്‍ ആരംഭിച്ച എജ്യൂക്കേഷണല്‍ ട്രസ്റ്റാണ് അഗരത്തിന് വഴി കാട്ടിയത്.

 

Related Posts