ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത “ഭീഷ്മർ” കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന് വിജയകരമായ മൂന്നാം വാരത്തിലേക്ക് കടക്കുന്നു. പെരുന്നാൾ റിലീസായി തിയേറ്ററുകളിലെത്തിയ ഈ കംപ്ലീറ്റ് ഫാമിലി എന്റർടൈനർ മികച്ച പ്രതികരണങ്ങളോടെയാണ് പ്രദർശനം തുടരുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും മ്യൂസിക് പ്ലാറ്റ്‌ഫോമുകളിലും വലിയ തരംഗമായി മാറിക്കഴിഞ്ഞു.
മലയാളികളുടെ പ്രിയതാരങ്ങളായ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഭീഷ്മറിനുണ്ട്. ഇരുവരുടെയും കോമ്പോ തിയേറ്ററുകളിൽ ചിരിയും ത്രില്ലും നിറച്ച് പ്രേക്ഷകരുടെ കൈയടി നേടുകയാണ്. സൂപ്പർ ഹിറ്റായ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമായ ഭീഷ്മറിന് അൻസാജ് ഗോപിയാണ് കഥയൊരുക്കിയിരിക്കുന്നത്. രതീഷ് റാമിൻ്റെ ഛായാഗ്രഹണവും ജോൺകുട്ടിയുടെ എഡിറ്റിംഗും ചിത്രത്തിന് കരുത്തേകുന്നു. രഞ്ജിൻ രാജ് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ച ചിത്രത്തിലെ ‘പാൽനിലാ പുഞ്ചിരി’ എന്ന ഗാനത്തിന് കെ. എ. ലത്തീഫാണ് ഈണം നൽകിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
