തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന വിലയിരുത്തലുമായി ധനകാര്യ സ്ഥിതി ധവളപത്രം. 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് കൈമാറിയത് കടബാധ്യതയും ട്രഷറി പ്രതിസന്ധിയും വികസന മുരടിപ്പും നിറഞ്ഞ സാമ്പത്തിക സാഹചര്യമായിരുന്നുവെന്ന് ധവളപത്രം റിപ്പോർട്ട്.
ധവളപത്രം പ്രകാരം കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി ഉയർന്നിരിക്കുകയാണ്. കടുത്ത പണലഭ്യതാ പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് 2025-ൽ മാത്രം 262 ദിവസം റിസർവ് ബാങ്കിന്റെ വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെയും 84 ദിവസം ഓവർഡ്രാഫ്റ്റ് സൗകര്യത്തെയും ആശ്രയിക്കേണ്ടിവന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ദൈനംദിന ചെലവുകൾ പോലും കടമെടുത്താണ് മുന്നോട്ടുപോയതെന്ന സൂചനയാണ് ഇത് നൽകുന്നത്.
സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി നീക്കിവെക്കേണ്ട സാഹചര്യമാണുള്ളത്. ഇതുമൂലം വികസന പ്രവർത്തനങ്ങൾക്കായി ചെലവിടാനുള്ള സാമ്പത്തിക ശേഷി ഗണ്യമായി കുറഞ്ഞു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ, ഡി.ആർ കുടിശ്ശിക ഇനത്തിൽ മാത്രം 48,733 കോടി രൂപയുടെ അധിക ബാധ്യത നിലവിലുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കിഫ്ബി ഉൾപ്പെടെയുള്ള ബജറ്റിന് പുറത്തുള്ള വായ്പാ സംവിധാനങ്ങളെയും ധവളപത്രം രൂക്ഷമായി വിമർശിക്കുന്നു. കിഫ്ബി വഴി എടുത്ത ഏകദേശം 21,000 കോടി രൂപയുടെ വായ്പ യഥാർത്ഥത്തിൽ സംസ്ഥാനത്തിന്റെ തന്നെ ബാധ്യതയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിൽ അംഗീകരിച്ച പദ്ധതികൾ പൂർത്തിയാക്കാൻ 35,000 കോടി രൂപ കൂടി കണ്ടെത്തേണ്ട സാഹചര്യമുണ്ടെന്നും വിലയിരുത്തുന്നു.
കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 78,851 കോടി രൂപയിലെത്തിയതും ആശങ്ക വർധിപ്പിക്കുന്ന ഘടകമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി പട്ടികജാതി, പട്ടികവർഗ, ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കുള്ള വിഹിതങ്ങളിലും കഴിഞ്ഞ വർഷങ്ങളിൽ കുറവുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേന്ദ്ര വിഹിതത്തിൽ ഉണ്ടായ കുറവും ജി.എസ്.ടി നഷ്ടപരിഹാരം അവസാനിച്ചതും സംസ്ഥാന ധനകാര്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് അവസാനിച്ചതോടെ മാത്രം 20,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടാകാൻ പോകുന്നത്. കേന്ദ്ര നികുതി വിഹിതത്തിൽ കേരളത്തിന്റെ പങ്ക് കുറയുന്നതും സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കുന്നതായി റിപ്പോർട്ട് പറയുന്നു.
ട്രഷറി പ്രവർത്തനങ്ങളും ഗുരുതര പ്രതിസന്ധിയിലാണെന്ന് ധവളപത്രം വിലയിരുത്തുന്നു. 2024-25 സാമ്പത്തിക വർഷത്തിലെ 12 മാസങ്ങളിൽ 10 മാസവും ട്രഷറി ബാലൻസ് നെഗറ്റീവ് ആയിരുന്നു. ആർ.ബി.ഐയുടെ അടിയന്തര വായ്പാ സംവിധാനങ്ങളെ ആശ്രയിച്ചാണ് ഖജനാവിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്.
അതേസമയം, സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനായുള്ള മൂലധന ചെലവ് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജി.എസ്.ഡി.പി-യുടെ വെറും 1.3 ശതമാനം മാത്രമാണ് കേരളം മൂലധന നിക്ഷേപത്തിനായി ചെലവഴിക്കുന്നത്. മറ്റ് പ്രധാന സംസ്ഥാനങ്ങളുടെ ശരാശരി 3.01 ശതമാനമാണ്. ഭാവി വരുമാനം സൃഷ്ടിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ആവശ്യമായ നിക്ഷേപം നടത്താൻ കഴിയാത്തത് സാമ്പത്തിക വളർച്ചയെ ബാധിക്കുന്നുവെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
വ്യവസായ വികസനം, സ്വകാര്യ നിക്ഷേപം ആകർഷിക്കൽ, തൊഴിലവസര സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയൂവെന്ന് ധവളപത്രം ശുപാർശ ചെയ്യുന്നു. സാമ്പത്തിക അച്ചടക്കവും ധനകാര്യ സുതാര്യതയും ഉറപ്പാക്കേണ്ടത് ഇനി അനിവാര്യമാണെന്നും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.
