കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാൻ ഡ്രോൺ ആക്രമണത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 12 ഇന്ത്യക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. മധ്യപ്രദേശ് സ്വദേശിയായ ഒരാൾ ആക്രമണത്തിൽ മരിച്ചതായും വിവരമുണ്ട്. സമാധാന ചർച്ചകൾ നിലച്ച സാഹചര്യത്തിൽ മേഖലയിലെ സുരക്ഷാ ആശങ്കകൾ വീണ്ടും ശക്തമായിരിക്കുകയാണ്.
ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. കുവൈറ്റിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച ജിസിസി (ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ) അംഗരാജ്യങ്ങൾ, മേഖലയുടെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.
ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ കടുത്ത നടപടികൾ സ്വീകരിക്കാൻ കുവൈറ്റ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്ര പ്രതിനിധികളോട് നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുവൈറ്റിന് നേരെയുണ്ടായ ആക്രമണങ്ങൾ ദേശീയ സുരക്ഷയ്ക്കെതിരായ ഗുരുതര വെല്ലുവിളിയാണെന്ന് കുവൈറ്റ് സർക്കാർ അറിയിച്ചു.
അതേസമയം, കുവൈറ്റിലെ അമേരിക്കൻ സൈനിക സൗകര്യങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് ഇറാന്റെ വിശദീകരണം. അലി അൽ സലീം എയർ ബേസ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ആക്രമണ ലക്ഷ്യമായിരുന്നുവെന്നും ഇറാൻ അവകാശപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തിയ ഒരാളെ കുവൈത്ത് അധികൃതർ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.
സംഘർഷാവസ്ഥയെ തുടർന്ന് നിറുത്തിവച്ച് വിമാന സർവീസുകൾ പുനഃരാരംഭിച്ചു. കുവൈറ്റ് വിമാനത്താവളം വീണ്ടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കുവൈറ്റ്-കൊച്ചി, ബഹ്റൈൻ-കൊച്ചി റൂട്ടുകളിലെ സർവീസുകൾ സാധാരണ നിലയിൽ തുടരാനാണ് സാധ്യത. ജസീറ എയർവേയ്സ്, ഗൾഫ് എയർ, കുവൈറ്റ് എയർവേയ്സ് തുടങ്ങിയ കമ്പനികൾ സർവീസുകളിൽ വലിയ തടസ്സമുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. ചില സർവീസുകളിൽ നേരിയ വൈകീർപ്പുകൾ ഉണ്ടായേക്കാമെങ്കിലും യാത്രക്കാർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിമാനക്കമ്പനികളുടെ വിശദീകരണം.
