ദുർബല വിഭാഗ വികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തിൽ തന്നെ അതിദുർബല വിഭാഗമായി പ്രത്യേകം പരിഗണിക്കുന്ന അരുന്ധതിയാർ, ചക്കിലിയൻ, വേടൻ, നായാടി, കള്ളാടി വിഭാഗക്കാർക്കായി പ്രത്യേകം നടപ്പാക്കുന്ന ദുർബല വിഭാഗ വികസന പദ്ധതിയുടെ ഭാഗമായി 2025-26 വർഷം നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

ഭൂമി വാങ്ങൽ, ഭവന നിർമാണം, ഭവന പൂനരുദ്ധാരണം, സ്വയം തൊഴിൽ, കൃഷി ഭൂമി, പഠനമുറി, ടോയ്‌ലറ്റ് നിർമാണം, സ്വയം തൊഴിൽ പരിശീലനം എന്നിങ്ങനെ വിവിധ പദ്ധതികളിലേക്കാണ് അപേക്ഷിക്കേണ്ടത്. ഭൂമി വാങ്ങൽ, ഭവനനിർമാണം എന്നീ പദ്ധതികൾക്ക് ലൈഫ് പട്ടികയിൽ ഉൾപ്പെട്ടവരാണ് അപേക്ഷിക്കേണ്ടത് . പഠനമുറി പദ്ധതിക്ക് അഞ്ചു മുതൽ 12-ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. പഠനമുറി നിർമിക്കുന്നതിന് മൂന്ന് ലക്ഷം രൂപ അനുവദിക്കും. ഭവന പുനരുദ്ധാരണത്തിന് 2.5 ലക്ഷം രൂപ അനുവദിക്കും. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഭവന നിർമ്മാണം/ഭവന പുനരുദ്ധാരണം എന്നിവയ്ക്ക് ധനസഹായം ലഭിച്ചവർ ആകരുത്. സ്വയം തൊഴിൽ പദ്ധതിക്ക് പ്രൊജക്റ്റ് റിപ്പോർട്ട് അടിസ്ഥാനത്തിൽ മൂന്നു ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. പ്രായപരിധി 18 മുതൽ 60 വരെ. ഈ പദ്ധതികളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. അപേക്ഷാ ഫോം ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അതാത് പട്ടികജാതി ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30.

More From Author

Leave a Reply

Your email address will not be published. Required fields are marked *