തീപിടിച്ച വാൻ ഹായ് 503 കപ്പലിൽ അതിവേഗം തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകൾ

കോഴിക്കോട്: അറബിക്കടലിൽ കേരള തീരത്തിനടുത്ത് വച്ച് തീപിടിച്ച വാൻ ഹായ് 503 കപ്പലിൽ അതിവേഗം തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളാണ് ഉണ്ടായിരുന്നതെന്ന് വിവരം. അപകട സമയത്ത് 22 ജീവനക്കാർ കപ്പലിലുണ്ടായിരുന്നു. കപ്പലിലെ ബോട്ടുകൾ ഉപയോഗിച്ച് നാവികസേന രക്ഷിച്ചവരിൽ അഞ്ച് പേർക്ക് പരിക്കുണ്ട്. 4 പേരെ കാണാനില്ല. നാലുപേർ ഫയർ ഫൈറ്റിംഗിൽ ഏർപ്പെട്ടിരുന്നു. ഈ നാലു പേരെ കുറിച്ചാണ് നിലവിൽ വിവരമൊന്നുമില്ലാത്തതെന്നാണ് നേവി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കപ്പലിലെ തീ അണക്കാനായിട്ടില്ല.

നാവികസേനയുടെയും കോസ്റ്റ് ഗാർഡിൻ്റെയും കപ്പലുകൾ അപകടം നടന്ന ഇടത്തേക്ക് പുറപ്പെട്ടു. കടലിൽ ചാടിയ 18 പേർ കപ്പലിലെ ലൈഫ് റാഫ്റ്റ് ഉപയോഗിച്ചാണ് രക്ഷപ്പെട്ടത്. കപ്പലിൽ തന്നെയുള്ള രക്ഷാ ബോട്ടുകൾ ഉപയോഗിച്ചാണ് കടലിൽ ചാടിയ ജീവനക്കാരെയും രക്ഷിച്ചത്. 20 ഓളം കണ്ടെയ്‌നർ കടലിൽ വീണിട്ടുണ്ടെന്നും വിവരമുണ്ട്. കപ്പിത്താനും മൂന്ന് എഞ്ചിനീയർമാരും ഇപ്പോഴും കപ്പലിൽ തുടരുന്നുണ്ട്. കപ്പലിൽ കണ്ടെയ്‌നറുകൾ സൂക്ഷിച്ച സ്ഥലത്താണ് അപകടമുണ്ടായത്.

കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്. രാവിലെ 10 മണിക്കാണ് കപ്പല്‍ അപകടത്തില്‍ പെട്ട വിവരം ലഭിക്കുന്നത്. അപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി കപ്പലിനെ അയച്ചു. ഈ കപ്പല്‍ ഉടന്‍ തന്നെ തീപിടിച്ച കപ്പലിന് സമീപത്തെത്തും. കോസ്റ്റ് ഗാര്‍ഡിന്റെ ഡ്രോണിയര്‍ വിമാനം നിരീക്ഷണത്തിനായി സ്ഥലത്തെത്തി.

കപ്പലിലെ തൊഴിലാളികൾക്ക് പൊള്ളലേറ്റതായി സംശയമുണ്ട്. ഇവരെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാവാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. 2005 ൽ നിർമ്മിച്ച ഈ കപ്പൽ നിലവിൽ സിംഗപ്പൂർ പതാകയ്ക്ക് കീഴിലാണ് സഞ്ചരിക്കുന്നത്. 269 മീറ്റർ നീളവും 32 മീറ്റർ വീതിയുമുള്ളതാണ് ഈ കപ്പൽ.

More From Author

Leave a Reply

Your email address will not be published. Required fields are marked *