തിരുവനന്തപുരം മെട്രോ; ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തിന്റെ വിവരം പങ്കുവെച്ച് തരൂർ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ചർച്ചയ്ക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈൻ യോഗം നടന്നെന്ന് ശശി തരൂർ എംപി. ക്രിയാത്മകമായിരുന്ന യോഗമായിരുന്നുവെന്നും താൻ എംപിയായ കാലം മുതൽതന്നെ ആവശ്യപ്പെട്ടിരുന്ന പദ്ധതിയായിരുന്നു മെട്രോ എന്നും തരൂർ ഫേസ്ബുക്കിൽ കുറിച്ചു. മെട്രോപദ്ധതിയുടെ രൂപരേഖയും തരൂർ ഫേസ്ബുക്കിൽ പങ്കുവെച്ചു.

തന്റെ ചില നിർദ്ദേശങ്ങളെക്കുറിച്ച് കൂടിയാലോചിക്കുന്നതിനായി ബന്ധപ്പെട്ടവർ ഉൾപ്പെടുന്ന ഒരു ഉപദേശക സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചതോടെ ചർച്ച വളരെ ഫലവത്തായി അവസാനിച്ചുവെന്നും തരൂർ കുറിച്ചു. ശരിയായ സമീപനത്തിലൂടെ, തിരുവനന്തപുരത്തെ 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു തലസ്ഥാന നഗരമാക്കി മാറ്റാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും തരൂർ വ്യക്തമാക്കി.

തരൂർ പങ്കുവെച്ച കുറിപ്പിലെ ആൾട്ടർനേറ്റ് അലൈൻമെന്റ് -6ൽ പറയുന്നതുപ്രകാരം ആദ്യ ഇടനാഴി കഴക്കൂട്ടം മുതൽ പാപ്പനംകോട് വരേയാണ്. ഇതിൽ ഉള്ളൂർ മുതൽ കരമന വരെ 10 കിലോമീറ്റർ സമ്പൂർണ ഭൂഗർഭ പാതയായിരിക്കും. 6775 കോടി രൂപയാണ് ഇതിന് ചെലവ്.

രണ്ടാം ഇടനാഴി കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരേ ആയിരിക്കും. കഴക്കൂട്ടം മുതൽ ആക്കുളം വരെ 6.5 കിലോമീറ്ററും ഈഞ്ചക്കൽ മുതൽ കിള്ളിപ്പാലം വരേയും ഭൂഗർഭപാതയായിരിക്കും. 5775 കോടിയാണ് നിർമ്മാണ ചെലവ്.

മൂന്നാം ഇടനാഴി പാളയം മുതൽ സിവിൽ സ്റ്റേഷൻ വരേ ആയിരിക്കും. ഇതിൽ ആറ് കിലോമീറ്റ വരെ ഭൂഗർഭപാതയായിരിക്കും. 2700 കോടിയായിരിക്കും ഇതിന്റെ നിർമ്മാണ ചിലവ്. മ്യൂസിയം, വെള്ളയമ്പലം, കവടിയാർ, പേരൂർക്കട, സിവിൽ സ്റ്റേഷൻ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ അലൈൻമെന്റ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *