തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആദ്യമായി പരസ്യ പ്രതികരണം നടത്തി കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ നടന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മടങ്ങവെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് ‘പിന്നെ കാണാം’ എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. നേരത്തെ പലതവണ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും മറുപടി നൽകാതെ അദ്ദേഹം നടന്നുനീങ്ങുകയായിരുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ച് രണ്ട് ദിവസം നീണ്ടുനിന്ന പി ബി യോഗം വിശദമായി ചർച്ച ചെയ്തു.
മുഖ്യമന്ത്രിക്കൊപ്പം മടങ്ങിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മാധ്യമങ്ങളോട് സംസാരിച്ചു. കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകണമെന്ന കാര്യം സംസ്ഥാനത്ത് തന്നെ തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പി ബി യോഗത്തിലെ തീരുമാനങ്ങളും തിരഞ്ഞെടുപ്പ് അവലോകനവും വിശദീകരിക്കുന്നതിനായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഇന്ന് വൈകിട്ട് നാല് മണിക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. തോൽവിക്ക് ശേഷമുള്ള പാർട്ടി നിലപാടുകൾ ഈ യോഗത്തിൽ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
