
തിരുവനന്തപുരം: പ്രതിഷേധങ്ങൾ ഒന്നിന് പിന്നാലെ മറ്റൊന്നായി എത്തിയതോടെ തലസ്ഥാനത്ത് ബുധനാഴ്ച രാത്രി മണിക്കൂറുകളോളം സംഘർഷാവസ്ഥ. ബി.ജെ.പി.–കോൺഗ്രസ് തർക്കങ്ങളിൽ തുടങ്ങി പിന്നീട് എസ്.എഫ്.ഐ.–യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. യൂണിവേഴ്സിറ്റി കോളേജ്–ഹോസ്റ്റൽ പരിസരത്ത് കല്ലേറും തീപ്പന്തം എറിയലും രൂക്ഷമായതോടെ പോലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിക്കുകയും ഹോസ്റ്റൽ വളപ്പിൽ കയറി ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. നിരവധി പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം നിലനിന്നിരുന്നു. ശനിയാഴ്ച കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ സംസ്ഥാന മന്ത്രിമാർക്കെതിരെ യുവമോർച്ച കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തി. ചൊവ്വാഴ്ച ബാലരാമപുരത്ത് മന്ത്രി ഒ.ജെ. ജനീഷിനെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ്–ബി.ജെ.പി. പ്രവർത്തകർ ഏറ്റുമുട്ടുകയും ബി.ജെ.പി. സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജുവിന് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച മുഖ്യമന്ത്രിക്കെതിരെയും കരിങ്കൊടി പ്രതിഷേധമുണ്ടായി. നെയ്യാറ്റിൻകരയിലേക്ക് പോകുന്നതിനിടെ ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ വാഹനവും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. രാത്രി വാൻറോസ് ജങ്ഷനിൽ മന്ത്രി കെ.എം. ഷാജിയുടെ ഔദ്യോഗിക വാഹനവും യുവമോർച്ച പ്രവർത്തകർ തടഞ്ഞു.
