തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്തിന് ഇന്ന് എഴുപത്തിയഞ്ചാം ജന്മദിനം. സിനിമയിൽ വന്നിട്ട് 50 വർഷം പിന്നിട്ടിരിക്കുകയാണ് അദ്ദേഹം. ജന്മദിനത്തോടൊപ്പം സിനിമയിൽ 50 വർഷം പൂർത്തിയാക്കിയതിന്റെയും ഭാഗമായി സൂപ്പർസ്റ്റാറിന്റെ കൾട്ട് ക്ലാസിക് ചിത്രം ‘പടയപ്പ’ 25 വർഷത്തിനുശേഷം വീണ്ടും റിലീസ് ചെയ്യുകയാണ്. അതുകൊണ്ട് തന്നെ രണ്ട് വലിയ നാഴികക്കല്ലുകൾ കൂടി അടയാളപ്പെടുത്തുന്ന ഒരു തീയതി കൂടിയാണിത്. 1999 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം അതിശയിപ്പിക്കുന്ന 4K യിൽ പുനഃസ്ഥാപിച്ചാണ് വീണ്ടും റിലീസ് ചെയ്യുന്നത്.
നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടെത്തുന്നത്. തമിഴ്നാട്ടിൽ എത്ര താരങ്ങൾ വന്നുപോയാലും നിറം മങ്ങാത്ത നടനാണ് രജനീകാന്ത്. 1975 ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത ‘അപൂർവ രാഗങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് രജനി അഭിനയരംഗത്തെത്തിയത്. വർഷങ്ങളായി പ്രശംസ നേടിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിൽ എക്കാലത്തെയും മികച്ച ചിത്രം തന്നെ ആയിരുന്നു എന്തിരൻ. റോബോട്ട് ചിട്ടിയായും ശാസ്ത്രജ്ഞനായ ഡോ. വസീഗരനായും ഇരട്ട വേഷത്തിൽ അഭിനയിച്ചു പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രമായിരുന്നു ഇത്. മറ്റൊരു ശ്രദ്ധേയമായ ചിത്രം ശിവാജിയാണ്. ബാഷ, കബാലി, പടയപ്പ, ജയിലർ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ താരത്തിനുണ്ട്.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 ലാണ് അടുത്തതായി അദ്ദേഹം അഭിനയിക്കുന്നത്. 2023 ലെ ഹിറ്റ് ചിത്രമായ ജയിലറിന്റെ രണ്ടാം ഭാഗമാണിത്. ഹിറ്റ് ക്ലാസിക് ചിത്രമായ പടയപ്പയുടെ രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അറിയിച്ചിരുന്നു ‘നീലംബരി: പടയപ്പ 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കൂടതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല.
