ചെന്നൈ : തമിഴ്‌നാട് സര്‍ക്കാരിന്റെ ‘തായ് മാമന്‍ തങ്ക മോതിരം തിട്ടം’ പദ്ധതിയുടെ ഭാഗമായി 4,41,667 നവജാതശിശുക്കള്‍ക്ക് 1 ഗ്രാം സ്വര്‍ണ്ണമോതിരങ്ങള്‍ നല്‍കുന്നതിനായി, ഇന്ത്യയിലെ ഏറ്റവും വിശ്വസ്തരായ ആഭരണ റീട്ടെയില്‍ ബ്രാന്‍ഡുകളിലൊന്നായ ജോയ്ആലുക്കാസിനെ എല്‍1 ബിഡറായി തിരഞ്ഞെടുത്തു.
തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന നവജാതശിശുക്കള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 2026 ജൂണ്‍ 22 മുതല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വരെ ജനിക്കുന്ന അര്‍ഹരായ കുട്ടികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
ടെന്‍ഡര്‍ വ്യവസ്ഥകള്‍ പ്രകാരം, നിലവിലുള്ള സ്വര്‍ണ്ണവിലയ്ക്ക് മുകളില്‍ വെറും 1 പൈസ മാത്രം പ്രതീകാത്മക സര്‍വീസ് ചാര്‍ജ് ഈടാക്കിക്കൊണ്ടാണ് ജോയ്ആലുക്കാസ് കോട്ട് ചെയ്തിരിക്കുന്നത്. സ്വര്‍ണ്ണമോതിരങ്ങളുടെ വിതരണം, മേക്കിംഗ് ചാര്‍ജുകള്‍, അനുബന്ധ ചെലവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ലാഭമൊന്നും പ്രതീക്ഷിക്കാതെയാണ് ജോയ്ആലുക്കാസ് ഈ സേവനം നല്‍കുന്നത്. സ്വര്‍ണ്ണത്തിന്റെ തുക അന്നത്തെ വിപണി നിരക്കനുസരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ വഹിക്കും.
ഏതാണ്ട് 755 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഈ ക്ഷേമപദ്ധതിയെ വാണിജ്യ ലാഭമില്ലാതെ പിന്തുണയ്ക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് 1 പൈസ മാത്രം ഈടാക്കാനുള്ള ജോയ്ആലുക്കാസിന്റെ തീരുമാനത്തിന് പിന്നില്‍. അര്‍ഹരായ നവജാതശിശുക്കള്‍ക്ക് സാമൂഹിക പിന്തുണയുടെയും പ്രതീകമായി 1 ഗ്രാം സ്വര്‍ണ്ണമോതിരം സമ്മാനിക്കുന്ന ക്ഷേമപദ്ധതിയാണ് ‘തായ് മാമന്‍ തങ്ക മോതിരം തിട്ടം’. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സംസ്ഥാനത്തെ സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
‘തമിഴ്‌നാട് സര്‍ക്കാരിന്റെ ‘തായ് മാമന്‍ തങ്ക മോതിരം തിട്ടം’ പദ്ധതിയുമായി സഹകരിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന ഒരു പദ്ധതിയാണിത്. അധിക വാണിജ്യ ലാഭം പ്രതീക്ഷിക്കാതെ, നിലവിലുള്ള സ്വര്‍ണ്ണവിലയ്ക്ക് മുകളില്‍ വെറും 1 പൈസ മാത്രം ഈടാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത് ഈ മഹത്തായ പദ്ധതിയെ പിന്തുണയ്ക്കാനാണ്. വിതരണം ചെയ്യുന്ന ഓരോ മോതിരവും ഉയര്‍ന്ന പരിശുദ്ധിയും ഗുണനിലവാരവും ഹാള്‍മാര്‍ക്കിംഗും ഉറപ്പു നല്കുന്നതായിരിക്കുമെന് ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലൂക്കാസ് പറഞ്ഞു
തമിഴ്‌നാട്ടിലുടനീളമുള്ള ശക്തമായ സാന്നിധ്യവും ആഭരണ നിര്‍മ്മാണത്തിലെയും റീട്ടെയില്‍ രംഗത്തെയും പതിറ്റാണ്ടുകളുടെ പരിചയസമ്പത്തും ഉപയോഗിച്ച്, ഈ വന്‍കിട വിതരണം ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തോടും സുതാര്യതയോടും കൂടി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജോയ്ആലുക്കാസിന് സാധിക്കും. ഔദ്യോഗിക വര്‍ക്ക് ഓര്‍ഡര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ശേഷം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് മോതിരങ്ങളുടെ വിതരണം ആരംഭിക്കും
