തണ്ണിമത്തനിൽ നിറത്തിനായി കെമിക്കൽ കുത്തിവെക്കുമോ?

മലപ്പുറം: ചൂടുകാലമായതോടെ തണ്ണിമത്തൻ വിൽപ്പന സംസ്ഥാനത്തിന്റെ എല്ലാ ഭാ​ഗത്തും തകൃതിയായി നടക്കുകയാണ്. ഇതിനിടെ തണ്ണിമത്തന്റെ ഉപയോ​ഗം സംബന്ധിച്ച പലവിധ അഭ്യൂഹങ്ങളും സൈബർ ലോകത്ത് പ്രചരിച്ചിരുന്നു. തണ്ണിമത്തന്റെ നിറവും വിലക്കുറവുമായിരുന്നു സൈബർ ലോകത്ത് ചർച്ചയായത്. തണ്ണിമത്തന് ചുവപ്പ് നിറം ലഭിക്കാനായി കെമിക്കലുകൾ അടങ്ങിയ കൃത്രിമ നിറം കുത്തിവെക്കാറുണ്ട് എന്നായിരുന്നു പ്രചാരണം. അതിനാലാണ് ഇത്രയേറെ വിലക്കുറവ് എന്നും പ്രചാരണമുണ്ടായി. ഇത് കഴിക്കുന്നതിലൂടെ കാൻസർ ഉൾപ്പെടെയുള്ള മാരക രോ​ഗങ്ങൾ വരാം എന്നും സൈബറിടങ്ങളിലെ ചർച്ചകളിൽ ആശങ്കകൾ ഉയർന്നു. എന്നാൽ, ഇത്തരം ആശങ്കകൾ എല്ലാം അടിസ്ഥാനര​​ഹിതമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.

മലപ്പുറം ജില്ലയിൽ കച്ചവടത്തിനെത്തിച്ച തണ്ണിമത്തനുകളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ഫുഡ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് കൃത്രിമ നിറങ്ങളോ കെമിക്കൻ സാന്നിദ്ധ്യമോ ഇല്ലെന്ന് വ്യക്തമായത്. തണ്ണിമത്തനുകളിൽ പുറമേ നിന്ന് ഒന്നും കുത്തിവെച്ചിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി.

തിരൂർ പരിധിയിൽ നിന്ന് മൊത്തക്കച്ചവട മാർക്കറ്റ്, വഴിയോര കച്ചവടക്കാർ, ചെറുകിട വ്യാപാരികൾ, സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള 12 തണ്ണിമത്തൻ സാമ്പിളുകളാണ് പരിശോധനക്കയച്ചത്. കഴിഞ്ഞ മാസം 12ന് കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ച സാമ്പികളുകളുടെ പരിശോധനാ ഫലം ഇന്നലെയാണ് വന്നത്.

ഒന്നിലും കൃത്രിമ നിറങ്ങളോ കെമിക്കൻ സാന്നിദ്ധ്യമോ കുത്തിവയ്‌‌പോ കണ്ടെത്തിയില്ല. കൂടാതെ, മലപ്പുറം ജില്ലയിലെ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിലേക്ക് അയച്ച പരിശോധനാ ഫലത്തിലും പ്രതികൂലമായി ഒന്നും കണ്ടെത്താനായില്ല. തണ്ണിമത്തന് സ്വഭാവിക ചുവപ്പ് നിറമേകുന്ന ലൈക്കോപീനിന്റെ സാന്നിദ്ധ്യത്തിന് അപ്പുറത്ത് മറ്റൊന്നും പരിശോധനയിൽ കണ്ടെത്തിയിട്ടില്ല.

തണ്ണിമത്തന് സാധാരണ കിലോയ്ക്ക് 25 രൂപ വരെ വരാറുണ്ട്. എന്നാൽ, നോമ്പുകാലത്ത് ഇത്തവണ കിലോയ്ക്ക് 15 രൂപയ്ക്ക് വരെ തണ്ണിമത്തൻ ലഭിച്ചിരുന്നു. തമിഴ് നാടിന് പുറമെ ജില്ലയിലും വ്യാപകമായി തണ്ണിമത്തൻ കൃഷി ചെയ്യുന്ന സാഹചര്യമുണ്ടായതോടെയാണ് വില കുറയാൻ കാരണമായത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *