Home » Blog » kerala Max » ​ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ; കേരളത്തിന്റെ പുതിയ നായകനെ ഹൈക്കമാൻഡ് ഇന്ന് പ്രഖ്യാപിചേക്കും
CONGRESS-1 (1)

കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർണ്ണായക ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. ഏറെ നീണ്ടുപോയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഡൽഹിയിൽ നിന്നുള്ള സൂചനകൾ. രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കേരളത്തിലെ മുതിർന്ന നേതാക്കളുമായും കെ.പി.സി.സി ഭാരവാഹികളുമായും ഇന്നലെ സംസാരിച്ചിരുന്നു.

എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ബംഗളൂരുവിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയിട്ടുണ്ട്. ഖർഗെയും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സോണിയാ ഗാന്ധിയുമായി സംസാരിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. ഹൈക്കമാൻഡ് തലത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേരിനാണ് നിലവിൽ മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്. ഭരണനേതൃത്വത്തെ നിശ്ചയിക്കുന്നതിൽ ഇത്രയധികം കാലതാമസം നേരിടുന്നത് മുന്നണി പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും വലിയ നിരാശയ്ക്ക് കാരണമായിട്ടുണ്ട്.

ജനവികാരം വി.ഡി സതീശന് അനുകൂലമാണെന്നും അത് അവഗണിക്കരുത് എന്ന് ഡൽഹിയിലെത്തിയ ചില കേരള നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. വി.ഡി സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. എ.ഐ.സി.സിക്ക് മുന്നിൽ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയതായും കൂടിക്കാഴ്ചകൾ തൃപ്തികരമാണെന്നും കേരളത്തിലെ നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. വൈകുന്നേരത്തോടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന വിവരം.