ബംഗാൾ ക്രിക്കറ്റ് താരവും ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ ടീം അംഗവുമായ അഭിഷേക് പൊറേലിനെതിരെ പീഡനാരോപണവുമായി യുവതി രംഗത്ത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതിയും മാതാവും ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസിൽ ചൊവ്വാഴ്ച പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി തങ്ങൾ പ്രണയത്തിലാണെന്നും, പിന്നീട് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്ന് അഭിഷേക് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ, യുവതിയുടെ ആരോപണങ്ങൾ പൂർണമായും നിഷേധിച്ചുകൊണ്ട് അഭിഷേക് പൊറേൽ രംഗത്തെത്തി. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും, താൻ മികച്ച ഫോമിൽ കളിക്കുന്നതിനാലാണ് ഇത്തരമൊരു വിവാദം ഉയർത്തിക്കൊണ്ടുവരുന്നതെന്നുമാണ് താരത്തിന്റെ വിശദീകരണം. ഈ വിഷയത്തിൽ ഇതുവരെ പൊലീസ് തന്നെ സമീപിച്ചിട്ടില്ലെന്നും, പൊലീസ് ആവശ്യപ്പെട്ടാൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും അഭിഷേക് മാധ്യമങ്ങളോട് പറഞ്ഞു. 2023 മുതൽ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി അഭിഷേക് കളിക്കുന്നുണ്ട്.
