Home » Blog » kerala Mex » ട്രെയിനിന് നേരെ കല്ലെറിഞ്ഞാൽ ഇനി കളി മാറും; കർശന നിയമം വരുന്നു, മുന്നറിയിപ്പുമായി, സുരേഷ് ഗോപി
trains

ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് തടയാൻ കർശനമായ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ട്രെയിനുകൾക്ക് നേരെ അതിക്രമം കാണിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അത്തരക്കാരെ പൂട്ടിക്കെട്ടുമെന്നും അദ്ദേഹം പറഞ്ഞു. കല്ലേറിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ആവശ്യമായ എല്ലാ സംരക്ഷണവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നിലവിൽ വിദ്യാർത്ഥിക്ക് ധനസഹായം പ്രഖ്യാപിക്കാൻ കഴിയില്ലെന്നും എന്നാൽ ചികിത്സാ കാര്യങ്ങളിൽ പൂർണ്ണ പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങളും അത്ഭുതങ്ങളും സംഭവിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കൃത്യമായ കണക്ക് നല്‍കിയാല്‍ കേന്ദ്ര സർക്കാരിന്റെ എഫ്.സി.ആർ.എ ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾക്ക് യാതൊരു ആശങ്കയുമില്ലെന്ന് സുരേഷ് ഗോപി ആവർത്തിച്ചു. ഇക്കാര്യം വ്യക്തമാക്കി താൻ ബിഷപ്പുമാർക്ക് ഓഡിയോ സന്ദേശം അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ജാതിയോ മതമോ നോക്കിയുള്ള പ്രശ്നമല്ല, മറിച്ച് ഇന്ത്യൻ ജനതയുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. സംവിധാനത്തെ ദുരുപയോഗം ചെയ്തവർ മാത്രം പേടിച്ചാൽ മതി. ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്ന് പിണറായി വിജയനും ഉമ്മൻ ചാണ്ടിയും പറഞ്ഞിട്ടുണ്ട്, അത് ഇവിടെയും പ്രസക്തമാണ്, സുരേഷ് ഗോപി കൂട്ടിച്ചേർത്തു.