Home » Blog » kerala Mex » ടോവിനോ ചിത്രം ‘പള്ളിച്ചട്ടമ്പി’യിലെ ആദ്യ ഗാനം ‘കാട്ടുചെമ്പകം’ പുറത്തിറങ്ങി!
jakestovino-680x450

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജേക്ക്സ് ബിജോയ് ഈണം നൽകിയ ‘കാട്ടുചെമ്പകം’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ വാലന്റൈൻസ് ഡേ സമ്മാനമായി പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.

ബോളിവുഡിലെ സെൻസേഷൻ ഗായകൻ വിശാൽ മിശ്ര ആദ്യമായി മലയാളത്തിൽ പിന്നണി പാടുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. വിശാൽ മിശ്രയോടൊപ്പം ആവണി മൽഹാർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരചയിതാവ് കൈതപ്രത്തിന്റേതാണ് വരികൾ. 2025-ലെ സൂപ്പർഹിറ്റ് ഗാനമായ ‘മിന്നൽവള’യ്ക്ക് ശേഷം ജേക്ക്സ് ബിജോയ്-കൈതപ്രം-ടൊവിനോ ടീം വീണ്ടും ഒന്നിക്കുന്ന പാട്ടു കൂടിയാണിത്.

ടൊവിനോ തോമസിനൊപ്പം കയാദു ലോഹറാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. കൽക്കി, ഫോറൻസിക് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ടൊവിനോയ്ക്ക് വേണ്ടി ജേക്ക്സ് ഒരുക്കുന്ന പുതിയ ചാർട്ട്‌ബസ്റ്ററാകും ‘കാട്ടുചെമ്പകം’ എന്നാണ് ആരാധകരുടെ വിലയിരുത്തൽ. എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കിയ ഈ പീരീഡ് ചിത്രം വേൾഡ് വൈഡ് ഫിലിംസിന്റെയും സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റിന്റെയും ബാനറിലാണ് നിർമ്മിക്കുന്നത്. ടിജോ ടോമി ഛായാഗ്രഹണം നിർവഹിക്കുന്ന പള്ളിച്ചട്ടമ്പി ഏപ്രിൽ 9-ന് അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.