രാജ്യത്തെ ദേശീയപാതകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ടോൾ ബൂത്തുകൾ നീക്കം ചെയ്ത് ‘ഫ്രീ ഫ്ലോ’ തടസ്സരഹിത ടോൾ പിരിവ് സംവിധാനം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ ശേഖരിക്കാൻ സാധിക്കുന്ന ഈ പുതിയ രീതിയുടെ ഭാഗമായി ടോൾ നിയമങ്ങളിൽ കടുപ്പമേറിയ പരിഷ്കാരങ്ങളാണ് വരുത്തിയിരിക്കുന്നത്. ഹൈ-സ്പീഡ് ഫാസ്ടാഗ് റീഡറുകളും നമ്പർ പ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകളും ഉപയോഗിച്ചാണ് ടോൾ ഈടാക്കുക. പണമടയ്ക്കാതെ പോകുന്ന വാഹനങ്ങളെ കണ്ടെത്താൻ ഡിജിറ്റൽ എൻഫോഴ്സ്മെന്റ് സംവിധാനവും വാഹൻ ഡാറ്റാബേസുമായി ബന്ധിപ്പിച്ചുള്ള നിരീക്ഷണവും കേന്ദ്രം ഉറപ്പാക്കും.
ഫാസ്ടാഗിൽ ബാലൻസ് ഇല്ലാത്തതുമൂലമോ സാങ്കേതിക തകരാറുകൾ കാരണമോ ടോൾ അടയ്ക്കാതെ പോയാൽ അത് ‘അൺപെയ്ഡ് ടോൾ’ ആയി കണക്കാക്കും. ഇത്തരക്കാർക്ക് മൊബൈൽ സന്ദേശമായോ ഇ-മെയിൽ വഴിയോ ഇ-നോട്ടീസ് ലഭിക്കും. നോട്ടീസ് ലഭിച്ച് 72 മണിക്കൂറിനുള്ളിൽ കുടിശ്ശിക അടച്ചുതീർത്താൽ യഥാർത്ഥ ടോൾ തുക മാത്രം നൽകിയാൽ മതിയാകും. എന്നാൽ ഈ സമയപരിധി കഴിഞ്ഞും പണമടച്ചില്ലെങ്കിൽ ടോൾ നിരക്കിന്റെ ഇരട്ടി തുക പിഴയായി നൽകേണ്ടി വരുമെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. യാത്ര ചെയ്ത സ്ഥലം, തീയതി, വാഹനത്തിന്റെ വിവരങ്ങൾ എന്നിവയടക്കമാണ് നോട്ടീസ് അയക്കുക.
നാഷണൽ ഹൈവേ അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനിയാണ് ഈ നൂതന സംവിധാനം നടപ്പിലാക്കുന്നത്. യാത്രക്കാരുടെ സമയം ലാഭിക്കാനും ഇന്ധനനഷ്ടം കുറയ്ക്കാനും ടോൾ പ്ലാസകളിലെ തിരക്ക് ഒഴിവാക്കാനും ഈ മാറ്റം സഹായിക്കും. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ സംവിധാനം വൈകാതെ രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ഇതോടെ ദേശീയപാതകളിലെ യാത്രാനുഭവം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
