Home » Blog » Kerala » “ഞങ്ങൾ ആവശ്യപ്പെട്ടത് ഭക്ഷണവും വൈദ്യുതിയും, പകരം ഞങ്ങൾക്ക് ലഭിക്കുന്നത് വെടിയുണ്ടകൾ” ; പാക് അധിനിവേശ കശ്മീരിൽ സംഘർഷം രൂക്ഷം – 30 ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
5

ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിലെ റാവൽക്കോട്ടിൽ പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. സംഘർഷത്തിൽ ഇതുവരെ 30ഓളം പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ജൂലായ് 27ന് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പിൽ മാത്രം 14 പ്രവർത്തകർ കൊല്ലപ്പെട്ടതായി പ്രക്ഷോഭം നയിക്കുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി ആരോപിച്ചു.

അടിസ്ഥാന സൗകര്യങ്ങൾ, രാഷ്ട്രീയ അവകാശങ്ങൾ, വിലക്കയറ്റം, ഉയർന്ന വൈദ്യുതി നിരക്ക് എന്നിവയ്ക്കെതിരെയാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തങ്ങൾ ഭീകരവാദികളല്ലെന്നും അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടിയാണ് പോരാടുന്നതെന്നും പ്രക്ഷോഭകർ പറയുന്നു. “ഞങ്ങൾ ആവശ്യപ്പെട്ടത് ഭക്ഷണവും വൈദ്യുതിയുമാണ്, എന്നാൽ പകരം ഞങ്ങൾക്ക് ലഭിക്കുന്നത് വെടിയുണ്ടകളാണ്” എന്നാണ് പരിക്കേറ്റ ഒരു യുവാവ് പ്രതികരിച്ചത്.

സംഘർഷത്തിൽ ഇരയായവരിൽ ഭൂരിഭാഗവും 15നും 35നും ഇടയിൽ പ്രായമുള്ള യുവാക്കളാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകാൻ പോലും കഴിയാത്ത സാഹചര്യമാണ് മേഖലയിലെ ആരോഗ്യ സംവിധാനങ്ങളിലുള്ളത്. താൽക്കാലിക ചികിത്സാ കേന്ദ്രങ്ങളിൽ നിരവധി വെടിയേറ്റവർ ചികിത്സ തേടിയെത്തുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് മികച്ച ആശുപത്രി ചികിത്സ ആവശ്യമാണെങ്കിലും, അവിടെ എത്തിയാൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയത്താൽ പലരും താൽക്കാലിക ക്ലിനിക്കുകളെ ആശ്രയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.