Home » Blog » kerala Mex » “ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുകയല്ല, രാജ്യാന്തര നിയമങ്ങൾ സംബന്ധിച്ച വിഷയത്തിൽ മനുഷ്യത്വപരമായ നടപടികൾ കൈക്കൊള്ളും” ; യുഎസ് മുക്കിയ ഇറാൻ കപ്പലിൽ നിന്നു രക്ഷപ്പെട്ട നാവികർക്ക് ഒരു മാസത്തെ സൗജന്യ വീസ അനുവദിച്ച് ശ്രീലങ്ക
2

കൊളംബോ: യുഎസ് അന്തർവാഹിനി ആക്രമിച്ചു മുക്കിയ ഇറാൻ കപ്പലിൽ നിന്നു രക്ഷപ്പെട്ട നാവികർക്ക് ഒരു മാസത്തെ സൗജന്യ വീസ അനുവദിച്ചു ശ്രീലങ്ക. ഒരുമാസം നാവികർക്കു ശ്രീലങ്കയിൽ തുടരാമെന്നു മന്ത്രി ആനന്ദ വിജേപാല പറഞ്ഞു. ‘ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുകയല്ല, പക്ഷേ രാജ്യാന്തര നിയമങ്ങൾ സംബന്ധിച്ച വിഷയത്തിൽ മനുഷ്യത്വപരമായ നടപടികൾ കൈക്കൊള്ളും. ആവശ്യമാണെങ്കിൽ ഭാവിയിലും സമാനമായ തീരുമാനങ്ങൾ സ്വീകരിക്കും. ഏതെങ്കിലും പ്രത്യേക പാർട്ടിയെ സംരക്ഷിക്കാനോ ദ്രോഹിക്കാനോ അല്ല ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ‘ – ആനന്ദ വിജേപാല വിശദീകരിച്ചു.

യുഎസ് ആക്രമിച്ചു മുക്കിയ കപ്പൽ ഐആർഐഎസ് ദേനയിൽ 32 നാവികരാണ് ഉണ്ടായിരുന്നത്. ഇതിൽ 10 പേരാണു നിലവിൽ കരപിതിയ നാഷനൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. 22 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇവരുടെ മടക്കം സംബന്ധിച്ച കാര്യത്തിൽ ശ്രീലങ്ക തീരുമാനം എടുത്തിട്ടില്ല. വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ രാജ്യാന്തര നിയമങ്ങൾ കർശനമായി പിന്തുടരുമെന്ന് വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പറഞ്ഞു.