ജി-7 ഉച്ചകോടിയിലേയ്ക്ക് നരേന്ദ്രമോദിയെ ക്ഷണിച്ച് കനേഡിയൻ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാനഡയിലെ കനാനസ്‌കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ‘എക്‌സി’ല്‍ പങ്കുവെച്ച പോസ്റ്റിലൂടെ മോദി തന്നെയാണ് കാര്‍ണിയുടെ ക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. കാനഡയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്ക് ആശംസകള്‍ പങ്കുവെച്ചതിനൊപ്പം ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ താന്‍ സമ്മതം അറിയിച്ചതായും പ്രധാനമന്ത്രി മോദി പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു.

‘കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയില്‍നിന്നും ഒരു ഫോണ്‍കോള്‍ ലഭിച്ചതില്‍ സന്തോഷമുണ്ട്. അടുത്ത് നടന്ന തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തില്‍ അദ്ദേഹത്തെ പ്രശംസിച്ചു. മാത്രമല്ല, ഈ മാസം അവസാനം കനാനസ്‌കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിലുള്ള നന്ദിയും അറിയിച്ചു. നല്ല മനുഷ്യര്‍ മുഖേന പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന മികച്ച ജനാധിപത്യ രാഷ്ട്രങ്ങള്‍ എന്ന നിലയ്ക്ക്, പരസ്പര ബഹുമാനത്തിലും സഹകരണത്തിലും ഇന്ത്യയും കാനഡയും മുന്നോട്ടുപോകും. ഉച്ചകോടിയിലെ നമ്മുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു,’ പ്രധാനമന്ത്രി നരേന്ദ്രമോദി ‘എക്‌സി’ല്‍ കുറിച്ചു.

കാനഡയുടെ 24-ാം പ്രധാനമന്ത്രിയായാണ് മാര്‍ക്ക് കാര്‍ണി അധികാരത്തിലേറിയത്. ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവര്‍ണറായി കാര്‍ണി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ഗാമിയായ ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്ത് വഷളായ ഇന്ത്യ-കാനഡ ബന്ധം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് കാര്‍ണി അധികാരത്തില്‍ എത്തിയപ്പോള്‍തന്നെ പറഞ്ഞിരുന്നു.

ഈ മാസം 15 മുതല്‍ 17 വരെയാണ് കാനഡയിലെ കനാനസ്‌കിസിൽ 51-ാമത് ജി-7 ഉച്ചകോടി നടക്കുക. 2002-ലാണ് ഇതുനുമുമ്പ് കനാനസ്‌കിസിൽ ജി-7 ഉച്ചകോടിക്ക് വേദിയായിരുന്നത്. ജി-7 അമ്പത് വര്‍ഷം തികച്ചു എന്നതും ഇത്തവണ നടക്കുന്ന ഉച്ചകോടിയെ പ്രത്യേകതയുള്ളതാക്കുന്നു. പരിപാടികളില്‍ യൂറോപ്യന്‍ യൂണിയനും പങ്കെടുക്കും. ഇന്ത്യയെ കൂടാതെ, ഓസ്‌ട്രേലിയ, ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, യുക്രൈന്‍ എന്നീ രാജ്യങ്ങള്‍ക്കും ഇത്തവണത്തെ ജി-7 ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *