Home » Blog » kerala Mex » ജി. സുധാകരന്റെ പത്രിക വരണാധികാരി അംഗീകരിച്ചു
9

മ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ രാഷ്ട്രീയ ഉറ്റുനോക്കുന്ന നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരന്റെ പത്രിക വരണാധികാരി അംഗീകരിച്ചു. അതേസമയം, അപരനായി പത്രിക നൽകിയ കെ. സുധാകരന്റെ നോമിനേഷൻ തള്ളി. അപരൻ കെ. സുധാകരന് വേണ്ടി സിപീഐഎം ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രനാണ് വാദിക്കാനെത്തിയത് എന്നത് ശ്രദ്ധേയമായി.

സിപിഐഎം നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്ന് പാർട്ടി വിട്ട ജി. സുധാകരൻ ഇത്തവണ സ്വതന്ത്രനായാണ് ജനവിധി തേടുന്നത്. മാർച്ച് 22-ന് കോൺഗ്രസ് നേതാക്കൾക്കൊപ്പമെത്തിയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിൽ വിജയസാധ്യത കണ്ട യുഡിഎഫ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ജി. സുധാകരനെ പ്രശംസിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. സുധാകരൻ നീതിമാനായ ഭരണാധികാരിയാണെന്നും രാഷ്ട്രീയത്തിനപ്പുറം നേരും നെറിയും നോക്കി തീരുമാനമെടുക്കുന്ന വ്യക്തിയാണെന്നും സതീശൻ പറഞ്ഞു. മറ്റൊരു സിപിഐഎം മന്ത്രിയെക്കുറിച്ചും തനിക്ക് ഇത്തരത്തിൽ പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.