ജി.കൃഷ്ണകുമാറിനെതിരായ തട്ടിക്കൊണ്ടുപോകൽ കേസ്; അന്വേഷണം വേഗത്തിലാക്കാനൊരുങ്ങി പോലീസ്

നടനും ബി ജെ പി നേതാവുമായ ജി.കൃഷ്ണകുമാറിനെതിരായ തട്ടിക്കൊണ്ടുപോകൽ കേസിൽ അന്വേഷണം വേഗത്തിലാക്കാൻ പോലീസ്. കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഇന്ന് തന്നെ ശേഖരിക്കും. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ആറു പേരുടെയും, ദിയ കൃഷ്ണയുടെ സുഹൃത്തുക്കളുടെയും ജീവനക്കാരികളായ മൂന്നുപേരുടെയും സ്റ്റേറ്റ്മെന്റുകളാണ് പരിശോധിക്കുക. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ബാങ്കുകൾക്ക് പോലീസ് കത്ത് നൽകി. നിലവിൽ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ട് എന്ന പ്രാഥമിക നിഗമനത്തിൽ തന്നെയാണ് പോലീസ്. കുടുംബവും യുവതികളും നൽകിയ ഡിജിറ്റൽ തെളിവുകൾക്ക് പുറമേ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ഈ നടപടികൾക്ക് ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ. സ്ഥാപനത്തിലെ പണം കവര്‍ന്നെന്ന കൃഷ്ണകുമാറിന്റെ പരാതിയില്‍ മൂന്ന് വനിതാ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരുന്നു. തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ദിയയും കുടുംബവും തങ്ങളെ ജാതീയമായി അധിക്ഷേപിച്ചെന്നും ജീവനക്കാരികള്‍ പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനമായ ഒ ബൈ ഒസിയിലെ ജീവനക്കാരുടെ പരാതിയിലാണ് കൃഷ്ണകുമാറിനും ദിയയ്ക്കും എതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതേ ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാര്‍ മുമ്പ് പരാതി നല്‍കിയിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കൃഷ്ണകുമാറും സംഘവും തങ്ങളെ തട്ടിക്കൊണ്ട് പോയെന്നും പണം ആവശ്യപ്പെട്ടെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. 8,82,000 രൂപ കൃഷ്ണകുമാറിന് നല്‍കി. ദിയ ജാതീയമായി അധിക്ഷേപിച്ചു എന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നം കാരണം ദിയയാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാന്‍ പറഞ്ഞതെന്നും ജീവനക്കാര്‍ പറയുന്നു. പെണ്‍കുട്ടികളുടെ പരാതിയില്‍ തട്ടിക്കൊണ്ടു പോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അതേസമയം, വിഷയത്തിൽ നിഷ്പക്ഷ അന്വേഷണമാണ് ജി കൃഷ്ണകുമാറും കുടുംബവും ആവശ്യപ്പെടുന്നത്. വസ്ത്രം പിടിച്ചു വലിക്കുകയും പണം നൽകിയില്ലെങ്കിൽ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതുമായാണ് ആരോപണം. മ്യുസിയം എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *