ഗൾഫുകാരായ മലയാളികൾക്കിടയിൽ വിവാഹമോചനം കൂടുന്നു

ദുബായ്: യുഎഇയിലെ ഇന്ത്യക്കാർക്കിടയിൽ വിവാഹ മോചനം വർധിക്കുന്നെന്ന് റിപ്പോർട്ട്. മലയാളികളായ പ്രവാസികൾക്കിടയിൽ വിവാഹ മോചന നിരക്ക് കുതിച്ചുയരുന്നുണ്ട് എന്നാണ് നിയമ മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്. കുടുംബ ജീവിതത്തിലെ താളപ്പിഴകൾ തന്നെയാണ് ഭൂരിപക്ഷം വിവാഹ മോചനങ്ങൾക്കും പിന്നിൽ. ഇത്തരം കേസുകളിൽ പലപ്പോഴും അനിശ്ചിതത്വത്തിലാകുന്നത് മക്കളുടെ ഭാവിയാണെന്നും നിയമമേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

യുഎഇയിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും വിവാഹമോചന സംബന്ധിച്ച കണക്ക് പൊതുവായി പ്രസിദ്ധീകരിക്കുന്നില്ല. എങ്കിലും യുഎഇയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സഹായം നൽകുന്നുണ്ട്. 2006ൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം, യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിലെ വിവാഹമോചന കേസുകൾ മുൻ വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 20 ശതമാനം വർധനവുണ്ടായെന്നാണ് വ്യക്തമാക്കുന്നത്. 2025 ആയപ്പോഴേക്കും വിവാഹമോചനം നേടുന്ന പ്രവാസികളുടെ എണ്ണം കുതിച്ചുയർന്നിട്ടുണ്ടാകും എന്നാണ് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഇക്കാര്യത്തിൽ കൃത്യമായൊരു കണക്കു കിട്ടാൻ പ്രയാസമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

സാമ്പത്തിക ഭദ്രതയുള്ള ദമ്പതികളാണ് വിവാഹമോചനം നേടുന്നവരിൽ ഏറെയും എന്നാണ് പറയപ്പെടുന്നത്. മിക്ക കേസുകളിലും സ്ത്രീയോ പുരുഷനോ രണ്ടുപേരുമോ മറ്റൊരു വിവാഹം കഴിക്കാറുമുണ്ട്. എന്നാൽ, പല ബന്ധങ്ങളും വിജയകരമായിരിക്കില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വിവാഹേതര ബന്ധങ്ങൾ. കുടുംബ ജീവിതത്തിലെ അസംതൃപ്തി. ജോലിത്തിരക്ക്, സാമ്പത്തിക സ്വാതന്ത്ര്യം സംബന്ധിച്ച തർക്കങ്ങൾ, നാട്ടിൽ ജീവിക്കാനുള്ള ആ​ഗ്രഹം തുടങ്ങി പ്രവാസികൾക്കിടയിലെ വിവാഹ മോചനത്തിന് നിരവധി കാരണങ്ങളുണ്ടെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ നിയമപ്രകാരമോ യുഎഇയിലെ നിയമപ്രകാരമോ വിവാഹ മോചനം നേടാനുള്ള അവസരം യുഎഇയിലുണ്ട് എന്നതാണ് പ്രത്യേകത. യുഎഇയിലെ നിയമപ്രകാരം ദുബായ് കോടതികളിൽ ഫാമിലി ഗൈഡൻസ് വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച്, മധ്യസ്ഥതയുടെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാര ശ്രമങ്ങൾ നടത്തപ്പെടുന്നു. ഇത് വിജയകരമാകാത്ത പക്ഷം കേസ് കോടതിയിലേക്ക് പോകും. ഇന്ത്യൻ നിയമപ്രകാരം വിവാഹമോചനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ നടപടികൾ ആരംഭിക്കാം.

More From Author

Leave a Reply

Your email address will not be published. Required fields are marked *