ടെൽഅവീവ്: ഗാസയിലെ ഇസ്രയേൽ ആക്രമണം കൂടുതൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ. ഓരോ രാത്രിയും 30 മുതൽ 40 വരെ പേരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തണം എന്നായിരുന്നു ബെൻ-ഗ്വിറിന്റെ പരാമർശം. മുൻ ഗാസ ബന്ദിയായ റോം ബ്രാസ്ലാവ്സ്കിയുമായി നടത്തിയ പോഡ്കാസ്റ്റ് സംഭാഷണത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസയിലെ ആക്രമണങ്ങളുടെ തോത് കുറച്ചതിനെയും ബെൻ-ഗ്വിർ വിമർശിച്ചു. പ്രധാനമന്ത്രിയുടെ സമീപനത്തോട് തനിക്ക് യോജിപ്പില്ലെന്നും ഗാസയിൽ കൂടുതൽ ശക്തമായ കൊലപാതകങ്ങൾ നടത്തണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
“പ്രധാനമന്ത്രിയുമായി എനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നത് രഹസ്യമല്ല. ഗാസയിൽ ലക്ഷ്യമിട്ട കൊലപാതകങ്ങൾ നടത്തണം. ഓരോ രാത്രിയും 30 മുതൽ 40 പേരെ ഇല്ലാതാക്കണം,” -എന്നായിരുന്നു ബെൻ-ഗ്വിറിന്റെ പരാമർശം. അവർ ജീവിക്കാൻ അർഹതയില്ലാത്തവരാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ബെൻ-ഗ്വിറിന്റെ പരാമർശം അന്താരാഷ്ട്ര തലത്തിൽ വീണ്ടും കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഗാസയിലെ ഇസ്രയേൽ നടപടികളുമായി ബന്ധപ്പെട്ട് ഇസ്രയേൽ ഉദ്യോഗസ്ഥരുടെ സമാന പ്രസ്താവനകൾ നേരത്തെ തന്നെ അന്താരാഷ്ട്ര നിയമപരമായ ചർച്ചകളിലും വിമർശനങ്ങളിലും ഇടം നേടിയിരുന്നു. ഇസ്രയേൽക്കെതിരെ വംശഹത്യാ ഉദ്ദേശ്യമുണ്ടെന്ന ആരോപണം ഇസ്രയേൽ തള്ളിക്കളയുകയും ചെയ്തു.
