കൊല്ലം നിയമസഭാ മണ്ഡലത്തിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നിലവിലെ എം.എൽ.എ എം. മുകേഷ്. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും താൻ ഇതുവരെ അവസരം ചോദിച്ചു പോയിട്ടില്ലെന്നും പാർട്ടി തീരുമാനത്തിനൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥിയായി എത്തുന്ന എസ്. ജയമോഹൻ വൻ വിജയം നേടുമെന്നും വികസന തുടർച്ചയ്ക്കായി ജനം വോട്ട് ചെയ്യുമെന്നും മുകേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എം.എൽ.എ പദവിയിൽ നിന്ന് അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊല്ലം ജില്ലയിൽ സി.പി.എം മത്സരിക്കുന്ന അഞ്ച് സീറ്റുകളിലും സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. കൊല്ലത്ത് ആക്ടിംഗ് ജില്ലാ സെക്രട്ടറി എസ്. ജയമോഹനും കുണ്ടറയിൽ എസ്.എൽ. സജികുമാറുമാണ് പുതിയ സ്ഥാനാർത്ഥികൾ. അതേസമയം കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാൽ, ഇരവിപുരത്ത് എം. നൗഷാദ്, ചവറയിൽ സുജിത്ത് വിജയൻ പിള്ള എന്നീ സിറ്റിംഗ് എം.എൽ.എമാർ വീണ്ടും ജനവിധി തേടും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ ഈ നിർദ്ദേശങ്ങൾ ഉടൻ തന്നെ സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും.
