കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി.ഡി. സതീശനും പുതിയ യുഡിഎഫ് മന്ത്രിസഭയ്ക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ ഇംഗ്ലീഷിലും മലയാളത്തിലുമാണ് പ്രധാനമന്ത്രി ആശംസകൾ പങ്കുവെച്ചത്. പുതിയ സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.
“കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവൺമെന്റിന് കേന്ദ്ര ഗവൺമെന്റ് എല്ലാ വിധ പിന്തുണയും ഉറപ്പുനൽകുന്നു” – പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം രാജ്ഭവനിൽ (ലോക്ഭവൻ) മുഖ്യമന്ത്രി പ്രഖ്യാപിച്ച ലളിതമായ ചായസത്കാരത്തിൽ ഗവർണ്ണറും പുതിയ മന്ത്രിസഭാംഗങ്ങളും പങ്കെടുത്തു. തുടർന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സെക്രട്ടേറിയറ്റിലെ അതത് ഓഫീസുകളിലെത്തി ഔദ്യോഗികമായി ചുമതലയേറ്റു.
ഇതിന് പിന്നാലെ പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചീഫ് കോൺഫറൻസ് ഹാളിൽ ആരംഭിച്ചു. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ മുൻനിർത്തിയുള്ള ചില സുപ്രധാന ജനപ്രിയ തീരുമാനങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്.
