Home » Blog » kerala Mex » കേരളത്തെ അപമാനിക്കാനും സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും ലക്ഷ്യമിട്ടുള്ള സിനിമ; കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ കെ.സി. വേണുഗോപാൽ
kc_venugopal

‘ദി കേരള സ്റ്റോറി’ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷമായ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. ചിത്രം കേരളത്തെ അപമാനിക്കാനും സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

മതേതരത്വത്തിന് മാതൃകയായ കേരളത്തെ വിദ്വേഷ പ്രചാരണങ്ങൾക്കായി ഉപയോഗിക്കുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ പേരിൽ മനുഷ്യരെ വേർതിരിക്കാത്ത ഒരു സംസ്ഥാനത്തെ തെറ്റായി ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നുണകൾ മാത്രം അടങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് ബിജെപി സർക്കാർ ദേശീയ അവാർഡ് നൽകി പ്രോത്സാഹിപ്പിച്ചത് ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്ക് ശക്തി പകരാനാണെന്നും വേണുഗോപാൽ ആരോപിച്ചു. എന്നാൽ ഇത്തരം അസംബന്ധങ്ങളെ തള്ളിക്കളയുന്ന മലയാളികളുടെ രീതി തന്നെയാണ് ഈ വിഷലിപ്ത പ്രചാരണങ്ങൾക്കുള്ള ഏറ്റവും വലിയ മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.