തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് കൃത്യനിർവ്വഹണത്തിലേയ്ക്ക് കടന്നു. ഓരോ മണ്ഡലത്തിന്റെയും ജനപ്രതിനിധികളായി ഇനി അഞ്ചുവർഷക്കാലം വലിയ രാഷ്ട്രീയ-സാമൂഹിക ഉത്തരവാദിത്വങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുകയും മണ്ഡല വികസനത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും ആണ് ഇപ്പോൾ ചർച്ചയാവുന്നത്.
കേരളത്തിലെ എംഎൽഎമാർക്ക് അടിസ്ഥാന ശമ്പളമായി ലഭിക്കുന്നത് 2,000 രൂപയാണ്. ഇതിന് പുറമെ മണ്ഡല അലവൻസായി 25,000 രൂപ, ടെലിഫോൺ അലവൻസായി 11,000 രൂപ, ഇൻഫർമേഷൻ അലവൻസായി 4,000 രൂപ, അതിഥി സൽക്കാര അലവൻസായി 8,000 രൂപ, യാത്രാബത്തയായി 2,000 രൂപ എന്നിവയും ലഭിക്കും. ഇങ്ങനെ ഒരു എംഎൽഎയ്ക്ക് പ്രതിമാസം ഏകദേശം 70,000 രൂപയാണ് ശമ്പളവും അലവൻസുകളും ചേർത്ത് ലഭിക്കുന്നത്.
ഇതിന് പുറമെ, കേരളത്തിനകത്തും പുറത്തും ഔദ്യോഗിക യാത്രകൾക്കായി കിലോമീറ്ററിന് 10 രൂപ നിരക്കിൽ പെട്രോൾ അലവൻസും അനുവദിക്കും. കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം, 40 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്, സ്റ്റാഫ് അലവൻസായി 20,000 രൂപ, പലിശരഹിത വാഹന വായ്പകൾ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും എംഎൽഎമാർക്ക് ലഭിക്കും.
