Home » Blog » kerala Mex » കേരളത്തിന്റെ സിൽവർ ലൈൻ പ്രായോഗികമല്ല; താൽപര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാമെന്ന് കേന്ദ്രം
mpox-Recovered-Recovered-Recovered-13-680x450

കേരള സർക്കാർ വിഭാവനം ചെയ്ത സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ലെന്നും അത് നടപ്പാക്കാൻ കഴിയില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കി. ഹാരീസ് ബീരാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി കേന്ദ്ര നിലപാട് ആവർത്തിച്ചത്. സിൽവർ ലൈൻ പദ്ധതി വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതാണെന്നും അതിനാൽ അത് നിലവിലെ രീതിയിൽ അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിന് താൽപര്യമുണ്ടെങ്കിൽ കേന്ദ്രം അത് പരിഗണിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെയിൽവേ വികസന കാര്യത്തിൽ കേരള സർക്കാർ തീരെ സഹകരിക്കുന്നില്ലെന്ന കടുത്ത വിമർശനവും മന്ത്രി ഉന്നയിച്ചു. പദ്ധതികൾക്കായി ഇതുവരെ 14 ശതമാനം ഭൂമി മാത്രമാണ് സംസ്ഥാനം ഏറ്റെടുത്തു നൽകിയത്. ഭൂമി ഏറ്റെടുക്കുന്നതിലും മറ്റ് പ്രാരംഭ നടപടികളിലും സംസ്ഥാനം പിന്തുണ നൽകുന്നില്ലെങ്കിൽ എങ്ങനെ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് അശ്വിനി വൈഷ്ണവ് ചോദിച്ചു. സംസ്ഥാന സർക്കാരിനെതിരായ വിമർശനത്തിൽ ഇടത് അംഗങ്ങൾ സഭയിൽ ബഹളം വെച്ച് പ്രതിഷേധിച്ചു. തിരൂർ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും അമൃത് ഭാരത് പദ്ധതിയിലൂടെ സ്റ്റേഷൻ വികസിപ്പിക്കുന്നുണ്ടെന്നും മന്ത്രി ഹാരീസ് ബീരാനെ അറിയിച്ചു.

/**for adding 05-02-2026*/