Home » Blog » kerala Mex » കിടിലൻ തിരിച്ചുവരവുമായി നിവിൻ പോളി; അഡ്വാന്‍സ് ബുക്കിംഗിലൂടെയെ ‘സര്‍വ്വം മായ’ നേടിയ ആകെ വരുമാനം ഇത്ര!
Untitled-1-161-680x450

മലയാളത്തിലെ യുവതാരങ്ങളിൽ വലിയ ആരാധകബലം ഉള്ള നടനാണ് നിവിൻ പോളി. എന്നാൽ അടുത്ത കാലത്ത് താരമൂല്യത്തിനു തക്ക ബോക്‌സ് ഓഫീസ് വിജയങ്ങൾ നിവിന് ലഭിച്ചിട്ടില്ല. വ്യത്യസ്ത കഥകളിലേക്ക് യാത്രചെയ്ത അദ്ദേഹത്തിന്റെ ചിത്രങ്ങൾ നിരൂപകരുടെ പ്രശംസ നേടിയെങ്കിലും, തിയറ്ററുകളിൽ വലിയ ജനപിന്തുണ നേടാൻ സാധിച്ചില്ല. എന്നാൽ ക്രിസ്മസ് റിലീസായി ഇന്ന് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്ന പുതിയ ചിത്രം ‘സർവ്വം മായ’യോട് വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ മുന്നോട്ടു നോക്കുന്നത്. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അജു വർഗീസ് സഹനടനായി എത്തുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഫൈനൽ അഡ്വാൻസ് ബുക്കിംഗ് കണക്ക് പുറത്തുവന്നിരിക്കുകയാണ്. റിലീസിന് രണ്ട് ദിവസം മുമ്പാണ് ടിക്കറ്റുകൾക്കുള്ള ബുക്കിംഗ് ആരംഭിച്ചത്. ട്രാക്കർമാരുടെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ നിന്നും മാത്രം ‘സർവ്വം മായ’ അഡ്വാൻസ് ബുക്കിംഗിലൂടെ നേടിയിരിക്കുന്നത് 1.24 കോടി രൂപ. ഇതര സംസ്ഥാനങ്ങളിലെ കളക്ഷൻ കൂടി ചേർത്താൽ അത് ഏകദേശം ഒന്നര കോടിയോളം എത്തുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് നിരവധി ഷോകളും ഫാസ്റ്റ് ഫില്ലിംഗ് സ്റ്റാറ്റസും ലഭിക്കുന്ന സാഹചര്യം ചിത്രം ആദ്യ ദിനം തന്നെ ശക്തമായ വരവേൽപ്പ് നേടുമെന്ന് സൂചിപ്പിക്കുന്നു. ആദ്യ ഷോകളിൽ പോസിറ്റീവ് റിവ്യൂ ലഭിച്ചാൽ ക്രിസ്മസ് ഹോളിഡേ സീസണിന്റെ പിന്തുണയോടെ ചിത്രം മികച്ച ബോക്‌സ് ഓഫീസ് മുന്നേറ്റം നടത്തുന്ന സാധ്യത ഏറെ.

ഫാന്റസി ഹൊറർ കോമഡി ജോണറിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ഏറെ നാളുകൾക്കു ശേഷം നിവിൻ പോളിയെ വ്യത്യസ്തമായ ഒരു അവതരണത്തിൽ കാണാനാകുമെന്നാണ് സൂചന. തമാശകളുടെ വേറിട്ട ലോകം സ്‌ക്രീനിൽ തുറന്ന് കാണിച്ച നിവിനും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രമാണിത് എന്ന പ്രത്യേകതയും ‘സർവ്വം മായ’യ്ക്ക് പുതുമ നൽകുന്നു. സ്വാഭാവിക നർമത്തിനും ലളിതമായ കഥപറച്ചിലിനും പേരുകേട്ട അഖിൽ സത്യന്റെ സംവിധാനത്തിലും ജനപ്രിയ താരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുഖുന്ദൻ തുടങ്ങിയവരും ഉൾപ്പെടുന്ന താരനിരയും ചേർന്ന്, തിയറ്ററുകളിൽ ചിരിയുടെ വലിയ പടക്കം പൊട്ടാനിരിക്കുന്ന ചിത്രമായാണ് ‘സർവ്വം മായ’യെ ആരാധകർ കാത്തിരിക്കുന്നത്.