Home » Blog » kerala Max » കാൻസർ മരുന്നിന് കൊള്ളവില ഈടാക്കുന്നതിനെതിരെ സുപ്രീം കോടതി
supreme-court-680x450

കാൻസ‍ർ മരുന്നുകളുടെ നിർമ്മാതാക്കൾ റീട്ടെയിലർമാർക്ക് വിൽക്കുന്ന വിലയും മരുന്നുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി ചില്ലറ വിൽപ്പന വിലയും (എംആർപി) തമ്മിലുള്ള വൻ അന്തരത്തിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. 2,700 രൂപയ്ക്ക് വാങ്ങുന്ന മരുന്ന് 27,000 രൂപ എംആർപിയിൽ വിൽക്കാൻ അനുവദിക്കുന്നത് ‘കൊള്ളയടിക്കലിന്’ തുല്യമാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. അത് കൊള്ളയടിക്കലല്ലെങ്കിൽ പിന്നെ മറ്റെന്താണ്? മരുന്ന് വാങ്ങുന്നതിനായി ആളുകൾ വീടും ആഭരണങ്ങളും വരെ വിൽക്കുന്നു എന്നായിരുന്നു മരുന്നുകളുടെ വില നിയന്ത്രണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞത്. മരുന്നുകളിൽ അച്ചടിച്ചിരിക്കുന്ന എംആർപിയെക്കാൾ കുറഞ്ഞ വിലയ്ക്കാണ് റീട്ടെയിലർമാർക്ക് വിൽക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

യഥാർഥ വിൽപ്പനവിലയേക്കാൾ പലമടങ്ങ് ഉയർന്ന എംആർപി നിശ്ചയിക്കാൻ നിർമ്മാതാക്കൾക്ക് അനുമതി നൽകുന്നത് എന്തിനാണെന്നും സുപ്രീം കോടതി ചോദിച്ചു. ‘കാൻസർ ചികിത്സയ്ക്കുള്ള അവശ്യ മരുന്നുകളിൽ ചിലതിന് എംആർപി 27,000 രൂപയാണ്. എന്നാൽ പി.ടി.ആർ (Price To Retailer) 2,700 രൂപ മാത്രം. ഇത് തികഞ്ഞ അരാജകത്വമാണ്, പകൽവെളിച്ചത്തിലെ കൊള്ളയാണ്. നിർമ്മാതാവ് റീട്ടെയിലർക്ക് 2,700 രൂപയ്ക്ക് നൽകുന്ന മരുന്നിന് എംആർപി 27,000 രൂപയായി അച്ചടിച്ചിരിക്കുന്നത് എങ്ങനെയാണ്? പത്തിരട്ടി! ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ട അധികാരികൾ പൂർണമായും നിശ്ശബ്ദരാണെന്നത് അതിശയകരമാണ്. അതിനുള്ള കാരണം ഞങ്ങൾ പ്രത്യേകം പറയേണ്ടതില്ല’ എന്നും ജസ്റ്റിസ് സന്ദീപ് മേത്ത വ്യക്തമാക്കി.

 

‘എന്തിനാണ് ഈ വിലവ്യത്യാസം? യഥാർഥത്തിൽ ഒരു മരുന്ന് അതിന്റെ എംആർപിയുടെ 10 ശതമാനം വിലയ്ക്ക് നിർമ്മാതാവ് റീട്ടെയിലർക്ക് നൽകുന്നുണ്ടെങ്കിൽ, എന്തിനാണ് ഇത്രയും ഉയർന്ന എംആർപി നിശ്ചയിക്കുന്നത്? ഇത്തരത്തിൽ വലിയ അന്തരം എന്തിനാണ്?’ എന്നും ജസ്റ്റിസ് മേത്ത ചോദിച്ചു. മരുന്നുകളുടെ വില നിയന്ത്രണം, ജനറിക് മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന് കുറിപ്പടി രീതികൾ എന്നിവയുമായി ബന്ധപ്പെട്ട് കിഷൻ ചന്ദ് ജെയിനും ഡോ. സഞ്ജയ് കുൽശ്രേഷ്ഠയും സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സന്ദീപ് മേത്തയും ജസ്റ്റിസ് വിക്രം നാഥും ഉൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *