അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റിലുള്ള റിവർസൈഡ് കൗണ്ടിയിൽ കാട്ടുതീ അതിവേഗം പടരുന്നു. കനത്ത ഉഷ്ണതരംഗവും മണിക്കൂറിൽ 50 മൈൽ വേഗതയിൽ വീശുന്ന ശക്തമായ കാറ്റുമാണ് തീ നിയന്ത്രണാതീതമായി ആളിപ്പടരാൻ കാരണമായത്. ഇതിനോടകം തന്നെ ഏകദേശം 4,000 ഏക്കറിലധികം വനഭൂമി അഗ്നിക്കിരയായിക്കഴിഞ്ഞു. തീ ജനവാസ മേഖലകളിലേക്ക് പടരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികളോട് അടിയന്തരമായി വീടുകൾ ഒഴിഞ്ഞുപോകാണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സാധാരണയായി കാലിഫോർണിയയിൽ വേനൽക്കാലത്താണ് കാട്ടുതീ പതിവെങ്കിലും, ഇത്തവണ വസന്തകാലത്ത് തന്നെ ഇത്ര വലിയ തീപിടുത്തം ഉണ്ടായത് വലിയ ആശങ്കയ്ക്കാണ് കാരണമായിരിക്കുന്നത്. നിലവിൽ രണ്ട് വലിയ കാട്ടുതീകളാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വായുവിൽ ഈർപ്പം കുറഞ്ഞതും ഉഷ്ണക്കാറ്റും തീ അണയ്ക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ കഠിനശ്രമം നടത്തുന്നുണ്ടെങ്കിലും ശക്തമായ കാറ്റ് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ജാഗ്രത പാലിക്കാനും പ്രാദേശിക ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു.
