
കണ്ണൂർ: നഗരത്തിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. യുവമോർച്ച പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് ഹേമന്ത് മാവിലക്കണ്ടിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. താണയിൽ വച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടി വീണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. അതേസമയം മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിൽ സുരക്ഷ ശക്തമാക്കണമെന്നു ജില്ലാ പൊലീസ് മേധാവിമാർക്ക് ഇന്റലിജൻസ് എഡിജിപിയുടെ നിർദേശം.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷകക്ഷികൾ കരിങ്കൊടി കാണിക്കുന്ന സാഹചര്യത്തിൽ, യാത്രയിൽ അദ്ദേഹത്തിന്റെ സുരക്ഷ ഉയർത്തണമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, തനിക്ക് പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ മാത്രം മതിയെന്ന നിലപാടിലാണു മുഖ്യമന്ത്രി.അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മഫ്തി വേഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷ വർധിപ്പിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഇൻ്റലിജൻസ് എഡിജിപിയുടെ ഓഫീസിൽ നിന്നാണ് ജില്ല പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
മുഖ്യമന്ത്രി പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്ന അവസരങ്ങളിൽ അനിയന്ത്രിതമായ ജനക്കൂട്ടം അദ്ദേഹത്തെ സമീപിക്കുകയും ശരീരത്തിൽ സ്പർശിക്കത്തക്കവിധം പെരുമാറുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നാണ് ഇൻ്റലിജൻസ് എഡിജിപിയുടെ ഓഫീസിൽ നിന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ് സന്ദേശത്തിലുള്ളത്.
മുഖ്യമന്ത്രിയുടെ പരിപാടികളിലോ യാത്രകളിലോ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകുന്ന കാര്യമായതിനാൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ യാത്രാവേളകളിലും ആവശ്യമായ പൊലീസ് വിന്യാസം നടത്തേണ്ടതും യൂണിഫോം ഡ്യൂട്ടിക്ക് പുറമേ മഫ്തി വേഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് അനിഷ്ട സംഭവങ്ങൾക്കു ഇടവരാത്ത വിധം അദ്ദേഹത്തിന് പൂർണ സുരക്ഷ ഒരുക്കേണ്ടതു അനിവാര്യം ആണ്. ജില്ലാ പൊലീസ് മേധാവികൾ ഇക്കാര്യത്തിൽ ആവശ്യമായ ശ്രദ്ധ നൽകി മുൻകരുതലുകൾ സ്വീകരിക്കുന്നതിനായി ബോധിപ്പിച്ചു കൊള്ളുന്നു എന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.
