കേരള തീരത്ത് മുങ്ങിയ ‘എംഎസ്സി എൽസ 3’ കപ്പലിന്റെ കാര്യത്തിൽ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കപ്പൽ മുങ്ങി ഒരു വർഷം പിന്നിട്ടിട്ടും അപകടകരമായ ചരക്കുകൾ നീക്കം ചെയ്യുന്നതിൽ വരുത്തിയ കാലതാമസം വലിയ പാരിസ്ഥിതിക ഭീഷണി ഉയർത്തുന്നുണ്ടെന്ന് കോടതി മുന്നറിയിപ്പ് നൽകി.
കടലിന്റെ അടിത്തട്ടിൽ ചിതറിക്കിടക്കുന്ന കണ്ടെയ്നറുകളെക്കുറിച്ചാണ് കോടതി പ്രധാനമായും ആശങ്കപ്പെടുന്നത്. ഒന്നര മൈൽ ചുറ്റളവിൽ 96 കണ്ടെയ്നറുകൾ പുറത്തും, 475 എണ്ണം കപ്പലിനുള്ളിലുമായി കിടക്കുന്നുണ്ട്. കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നർ പുറത്താണുള്ളത്. വരാനിരിക്കുന്ന ശക്തമായ മൺസൂൺ തിരമാലകളിൽ പെട്ട് ഇവ കരയ്ക്കടിഞ്ഞാൽ വലിയ ദുരന്തമാകും സംഭവിക്കുക. കണ്ടെയ്നറുകൾ തുറക്കുകയോ തകരുകയോ ചെയ്താൽ സമുദ്ര ആവാസവ്യവസ്ഥ പൂർണമായി നശിക്കുമെന്നും, മത്സ്യബന്ധന മേഖലയും കക്ക വ്യവസായവും ഉൾപ്പെടെ തകരുമെന്നും കോടതി വ്യക്തമാക്കി.
2025 മെയ് 9-ന് ശേഷം കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് വിമർശിച്ച കോടതി, പ്ലാസ്റ്റിക് പെല്ലെറ്റുകൾ നീക്കം ചെയ്തെന്ന കപ്പൽ കമ്പനിയുടെ വാദം തള്ളി. ശേഖരിച്ച മാലിന്യം നശിപ്പിക്കാതെ ഗോഡൗണിൽ വെച്ചിരിക്കുകയാണെന്നിരിക്കെ അത് പൂർണമായി നീക്കിയെന്ന് എങ്ങനെ പറയാനാകുമെന്ന് കമ്പനിയോട് ചോദിച്ചു. സംസ്ഥാന സർക്കാരിന് പരിമിതികളുണ്ടെന്നും തീരദേശ സംരക്ഷണം കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി ഓർമ്മിപ്പിച്ചു.
അതേസമയം, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ കേസിൽ കക്ഷി ചേർത്തതായി കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. പരിസ്ഥിതി മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗും ഉൾപ്പെടെയുള്ള ഏജൻസികളുടെ സംയുക്ത യോഗം ഉടൻ വിളിക്കുമെന്നും, രണ്ടാഴ്ചയ്ക്കകം സമഗ്രമായ കർമപദ്ധതി കോടതിയിൽ സമർപ്പിക്കുമെന്നും സർക്കാർ ഉറപ്പുനൽകി. കേസ് ജൂലൈ 14-ന് വീണ്ടും പരിഗണിക്കും.
