പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബിജെപിയുടെ വിമുക്ത ഭടന്മാരുടെ സെൽ സംഘടിപ്പിച്ച ‘വീർ സൈനിക് സമ്മാൻ മീറ്റിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും പാകിസ്ഥാൻ ഇനിയും പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം ആവർത്തിച്ചു. ചടങ്ങിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും വിമുക്ത ഭടന്മാരെയും ആദരിച്ചു.
രാജ്യത്തിനായി ജീവൻ ബലിനൽകിയ സന്ദീപ് ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ള മലയാളികളായ സൈനികരെ കോൺഗ്രസ് സർക്കാർ മതിയായ രീതിയിൽ ആദരിച്ചില്ലെന്ന് രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി. വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പിലാക്കാതെ 40 വർഷത്തോളം കോൺഗ്രസ് വിമുക്ത ഭടന്മാരെ വഞ്ചിച്ചെന്നും, ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഇത് യാഥാർത്ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനങ്ങളിൽ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2047-ഓടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച നാവിക ശക്തിയായി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ മോദി സർക്കാർ സ്വീകരിക്കുന്നത് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. നിലവിലെ പശ്ചിമേഷ്യൻ സാഹചര്യം ഗുരുതരമാണെങ്കിലും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സജ്ജമാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
