Home » Blog » kerala Max » ഓപ്പറേഷൻ തൂഫാന് പിന്തുണ; അതിർത്തിയിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും കർണാടക
dk-shivakumar-copy-1024x556

ലഹരി വ്യാപനം തടയാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ബംഗളൂരു വിധാന്‍ സൗധയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കാനാണ് സര്‍ക്കാറുകളുടെ സംയുക്ത തീരുമാനം. അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം ജൂലൈ 10ന് ചേരാനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുക.

അതേസമയം കൂടിക്കാഴ്ചയില്‍ ഡി കെ ശിവകുമാര്‍ ഓപ്പറേഷന്‍ തൂഫാന്റെ വിജയത്തെ അഭിനന്ദിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്ന ഒന്നാണ് ഈ ദൗത്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായും ചെന്നിത്തല പറഞ്ഞു. കേരള-കര്‍ണാടക പൊലീസ് സേനകള്‍ തമ്മില്‍ ശക്തമായ ഏകോപനവും സഹകരണവും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍നടപടികള്‍ക്കായി കര്‍ണാടക ചീഫ് സെക്രട്ടറിയെ അപ്പോള്‍ തന്നെ ശിവകുമാര്‍ വിളിച്ച് നിര്‍ദ്ദേശം നല്‍കിയെന്നും ഇതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കാനും തയ്യാറായിട്ടുണ്ടെന്നും ചെന്നിത്തലയുടെ പോസറ്റിലുണ്ട്.